സതാംപ്ടൺ : അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസ് ജയം. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ അവസാന ഓവർ വരെ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 213 റൺസിന് അഫ്ഗാൻ ഓൾഔട്ടായി. അവസാന ഓവറിൽ ഹാട്രിക്ക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.


അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടപ്പോൾ മുഹമ്മദ് നബി പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. 55 പന്തുകളിൽ നിന്ന് 52 റൺസെടുത്ത മുഹമ്മദ് നബിയാണ് ഇന്ത്യയെ വിറപ്പിച്ചത്.

225 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ ശ്രദ്ധയോടെയാണ് ബാറ്റിങ് തുടർന്നത്. നബിയെ കൂടാതെ റഹ്മത്ത് ഷാ (36), ക്യാപ്റ്റൻ ഗുൽബാദിൻ നയ്ബ് (27) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഹസ്രത്തുള്ള സസായ് (10), ഹഷ്മത്തുള്ള ഷാഹിദി (21), അസ്ഗർ അഫ്ഗാൻ (8), നജിബുള്ള സദ്രാാൻ (21), റാഷിദ് ഖാൻ (14) എന്നിവരാണ് പുറത്തായ മറ്റ് അഫ്ഗാൻ താരങ്ങൾ.

നേരത്തെ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയും കേദാർ ജാദവും മാത്രമാണ് അഫ്ഗാൻ സ്പിന്നർമാർക്കു മുന്നിൽ പിടിച്ചുനിന്നത്. 63 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 67 റൺസെടുത്ത കോലിയെ മുഹമ്മദ് നബി പുറത്താക്കുകയായിരുന്നു. ഏകദിനത്തിൽ കോലിയുടെ 52-ാം അർധ സെഞ്ചുറിയാണിത്.

ക്യാപ്റ്റനെന്ന നിലയിൽ ലോകകപ്പിൽ തുടർച്ചയായ മൂന്നാം അർധ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോഡിനൊപ്പമെത്താനും കോലിക്കായി. ഓസ്ട്രേലിയക്കെതിരേ 82 റൺസെടുത്ത കോലി പാകിസ്താനെതിരെ 77 റൺസടിച്ചിരുന്നു.

68 പന്തുകൾ നേരിട്ട ജാദവ് മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 52 റൺസെടുത്ത് പുറത്തായി. ജാദവിന്റെ ആറാം ഏകദിന അർധ സെഞ്ചുറിയാണിത്. ഇന്ത്യയുടെ അഞ്ചു വിക്കറ്റുകൾ സ്പിന്നർമാരാണ് നേടിയത്. എം.എസ് ധോനി (23), രോഹിത് ശർമ (1), ലോകേഷ് രാഹുൽ (30), വിജയ് ശങ്കർ (29), ഹാർദിക് പാണ്ഡ്യ (7), മുഹമ്മദ് ഷമി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

അഫ്ഗാനായി മുഹമ്മദ് നബി, ഗുൽബാദിൻ നയ്ബ് എന്നിവർ രണ്ടും മുജീബുർ റഹ്മാൻ, റഹ്മത്ത് ഷാ, റാഷിദ് ഖാൻ, അഫ്താബ് അലം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.