ദുബായ്: ദുബായിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് വിമാനത്താവളത്തില്‍ വെച്ചുതന്നെ ഇനി പ്രീ പെയ്ഡ് സിം കാര്‍ഡുകള്‍ സൗജന്യമായി നല്‍കും. ഡു കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ച് ദുബായി താമസകാര്യ ഡയറക്ടറേറ്റ് നടപ്പാക്കിയ ഹാപ്പിനെസ് പ്രോജക്ടിന്റെ ഭാഗമായാണ് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും സൗജന്യ സിം കാര്‍ഡുകള്‍ നല്‍കുന്നത്.


പാസ്‍പോര്‍ട്ടും വിസയും രേഖകളായി പരിഗണിച്ചാണ് "ടൂറിസ്റ്റ് സിം' നല്‍കുന്നത്. ട്രാന്‍സിറ്റ് വിസയിലും വിസിറ്റ് വിസയിലും ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കും. ഒപ്പം വിസ ഓണ്‍ അറൈവല്‍, ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ എന്നിവര്‍ക്കും സിം ലഭിക്കും. 

മൂന്ന് മിനിറ്റ് ടോക് ടൈമും 20 എംബി ഡേറ്റയും സൗജന്യമായിരിക്കും.30 ദിവസത്തേക്കോ എല്ലെങ്കിലും കണക്ഷനെടുക്കുന്നയാളുടെ സന്ദര്‍ശന കാലാവധി പൂര്‍ത്തിയാകുന്നത് വരെയോ ആയിരിക്കും ഇതിന്റെ കാലാവധി.

എമിഗ്രേഷന്‍ സംവിധാനവുമായി ഇതിനെ ബന്ധിപ്പിക്കുന്നതിനാല്‍ കണക്ഷനെടുത്തിട്ടുള്ളയാള്‍ രാജ്യം വിട്ടാല്‍ അപ്പോള്‍ തന്നെ സിം റദ്ദാവും. അല്ലെങ്കില്‍ 30 ദിവസം വരെ ഉപയോഗിക്കാം. ഇതിനിടയില്‍ സ്മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്ന് പാക്കേജുകളില്‍ ടോപ്പ് അപ്പ് ചെയ്യാനും സാധിക്കും. ദുബായ് വിമാനത്താവളത്തിലെ 1,2,3 ടെല്‍മിനലുകളില്‍ സിം കൈപ്പറ്റാനുള്ള സൗകര്യമുണ്ടാകും. 

എന്നാല്‍ ടൂറിസ്റ്റ് വിസയില്‍ വന്നയാള്‍ പിന്നീട് തൊഴില്‍ വിസയിലേക്ക് മാറിയാല്‍ ഈ സിം തുടര്‍ന്ന് ഉപയോഗിക്കാനോ ഇതേ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു പ്ലാനിലേക്ക് മാറാനോ നിലവില്‍ സാധിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും എമിഗ്രേഷന്‍ ചെക്കിങ് പോയിന്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.