Trending

എഴുത്ത്:ഒരു സിദ്ധന്റ പിറവി.

എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു ആവു പ്പാട് നേർച്ച . ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും ഒറ്റകുടുംബമായി ഒരു പന്തലിൽ സമ്മേളിക്കുന്ന അപൂർവ കാഴ്ച. മത സൗഹാർദ്ദവും മനുഷ്യ ബന്ധങ്ങളുടെ ഇഴയടുപ്പവും വിളിച്ചോതുന്ന ഗ്രാമോത്സവം.


എല്ലാവർഷവും കുംഭം പതിനാലിനാണ് നേർച്ച തുടങ്ങുക. അന്നു പുലർച്ചെ , നേർച്ചയുടെ ആരംഭം കുറിച്ചുകൊണ്ട് പള്ളി പരിസരത്തു നിന്ന് കദിനവെടി പൊട്ടും.  പിന്നീട് ഒരാഴ്ചക്കാലം  ഗ്രാമത്തിന്റെ ഊടുവഴികളത്രയും ചെന്നുചേരുന്നത്, മാനിച്ചങ്ങളുടെ ഏർപ്പാടുകളൊക്കെയും വട്ടം ചേരുന്നത് ആവുപ്പാട്  നേർച്ചപ്പന്തലിലായിരിക്കും. അയൽ പ്രദേശത്തുകാരും ജാതി മത ഭേദമന്യേ അങ്ങോട്ട് പരന്നൊഴുകിയെത്തും.

നേർച്ച കൊടിയേറുമ്പോൾത്തന്നെ വിദൂര ദിക്കുകളിൽ നിന്ന് വളവില്പനക്കാരും ഊഞ്ഞാലുകാരും പൊരിക്കച്ചവടക്കാരും മണത്തറിഞ്ഞുവന്ന്  നടവഴിയിലും  മേലേപ്പറമ്പിലും തമ്പടിച്ചു കൂടും.
 കൊല്ലവർഷം കണക്കാക്കി മലയാള മാസപ്രകാരം  കഴിക്കുന്ന  മുസ്ലിം നേർച്ച മലയാളക്കരയിൽ വേറെ എവിടെയെങ്കിലും ഉണ്ടാകുമോ? ആർക്കറിയാം.


സയ്യിദ് അബൂബക്കർ കോയ തങ്ങളുടെ ആണ്ടുനേർച്ച എന്നാണതറിയപ്പെട്ടിരുന്നത്.എന്നാൽ കുന്നത്ത് ചന്തുനായർ എന്ന നാട്ടു മുഖ്യനായിരുന്നുവത്രെ നേർച്ച തുടങ്ങാൻ കൈകാര്യക്കാരനായിരുന്നത്. അത്കൊണ്ട് തന്നെ ആവുപ്പാട് നേർച്ച ഹിന്ദുക്കളും മുസ്ലിംങ്ങളും സംയുക്തമായിട്ടാണ് കൊണ്ടാടിയിരുന്നത്. അതായത് നേർച്ചയുടെ സംഘാടകർ ഹിന്ദുക്കളും കർമ്മികൾ മുസ്ലിംങ്ങളുമായിരുന്നു.
     

കയ്യിലൊരു മുട്ടൻ വടിയുമായി ഇഖാസ് എന്നു പേരായ ഒറ്റയാൾ പോലീസായിരുന്നു നേർച്ച സ്ഥലത്തെ ക്രമസമാധാനം പാലിച്ചിരുന്നത്. പകൽ സമയം അന്നദാനം നടത്തുന്നിടത്ത് ആളുകളെ വരി നിർത്താനും  രാത്രിയിൽ നേർച്ചക്കോഴികൾക്ക് കാവൽ കിടക്കാനും ഇഖാസ് ധാരളമായിരുന്നു.
   

ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നേർച്ച കൂടാൻ പോയത്. അക്കുറി എന്നെ നേർച്ചക്കു കൊണ്ടുപോകാൻ ഉമ്മക്ക് പ്രത്യേക കാരണ മുണ്ടായാരുന്നു. ആറുമാസങ്ങൾക്കു മുമ്പ് ഞാൻ പൊട്ടിദീനം വന്ന് കിടപ്പിലായി. എന്റെ അസുഖം പെട്ടെന്ന് ഭേദമാവാൻ ഉമ്മ ഒരു പൂവൻ കോഴിയെ നേർച്ചയാക്കി. കൂടാതെ എന്നെ ആവുപ്പാട്ടിൽ കൊണ്ടുപോയി കൊടി ഉഴിയിപ്പിക്കാമെന്നും നേർന്നിരുന്നു. അങ്ങനെയാണ് എനിക്കു നറുക്ക് വീണത്.

നേർച്ചക്കോഴിയെ രണ്ടു കൈകൊണ്ടും അമർത്തിപ്പിടിച്ച് ഞാൻ ഉമ്മയോടൊപ്പം കൊടി ഉഴിയുന്ന സ്ഥലത്ത് വരിനിൽക്കുകയാണ്. എന്റെ കുപ്പായക്കീശയിൽ നേർച്ചയിടാനുള്ള രണ്ട് കൂട് ചന്ദനത്തിരിയും ചില്ലറ പ്പൈസയുമുണ്ട്. ഉമ്മയുടെ കൈയിൽ തേങ്ങ, കരുമുളക്, ഉപ്പ്, കോഴിമുട്ട, ചേന എന്നിവയും ഒരു കുപ്പി പാലുമുണ്ട്. വീട്ടിലെ ആടിന്റെ പാലളവ് കൂടാൻ നേർച്ചയാക്കിയതാണ് പാൽ .
   

കദിന പൊട്ടുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നത് കണ്ട് ഉമ്മ നേർച്ചസാധനങ്ങൾ ഒരരികിൽ വെച്ച് എന്നെ ചേർത്ത് പിടിച്ചു. ഞാൻ ചുറ്റുപാടും നോക്കി.
ആകെ ബഹളമയം. അന്തരീക്ഷത്തിന് ചന്ദനത്തിരിയുടെയും ഇറച്ചിക്കറിയുടെയും ഇടകലർന്ന വാസന.
 

എന്റെ ക്ലാസ്സിൽ പഠിക്കുന്ന കുന്നത്ത് ഗോപിനാഥൻ ഐസ് ഊമ്പിക്കൊണ്ട് അടുത്ത് വന്നു.' ഞാനൊറ്റയ്ക്കാ വന്നത്.. ഇനി വൈന്നേരേ പോവൂ.. ഞാൻ വളപ്പീടിയേന്ന് വാങ്ങിയ പമ്പരം നോക്ക്.. " അവൻ ട്രൌസർ കീശയിൽ നിന്ന് ഒരു നീല പമ്പരം എടുത്ത് എനിക്ക് കാണിച്ചു തന്നു.

ഞങ്ങൾ നീങ്ങി നീങ്ങി കൊടി ഉഴിയുന്ന കൗണ്ടറിനടുത്തെത്തി. കൊടി ഉഴിഞ്ഞു കൊടുക്കുന്നത് മദ്രസയിലെ എന്റെ കോങ്കണ്ണൻ ഉസ്താദാണ്.
പന്തലിനുമുകളിലെ ഉത്തരത്തിൽ കെട്ടിയ വലിയ പച്ചക്കൊടിക്കു ചോട്ടിലേക്കു എന്നെ നിർത്തി മൊല്ലാക്ക കൊടി തലയ്ക്കു ചുറ്റും മൂന്നു വട്ടം ഉഴിഞ്ഞു.അയാൾ മേശപ്പുറത്തെ തളികയിൽ നിന്ന് ഉപ്പും കുരുമുളകും നുള്ളിയെടുത്ത് എനിക്കു നീട്ടി.


കോഴിയെ ഒരു കൈയിലൊതുക്കി മറ്റേ കൈ കൊണ്ട് നിവേദ്യം വാങ്ങാനൊരുങ്ങിയപ്പോൾ കോഴി എന്റെ കൈയിൽ നിന്ന് ചിറകടിച്ചു പറന്നു.അതിന്റെ കാല് കെട്ടിയിട്ടില്ലായിരുന്നു.ഗോപിനാഥനും മൊല്ലാക്കയും കണ്ടുനിന്ന മറ്റുള്ളവരും കളിയാക്കി ചിരിച്ചു.
ഞാനതിനെ ഓടിപിടിക്കാൻ പുറപ്പെട്ടപ്പോൾ ഉമ്മ തടഞ്ഞു.
'' ആൾക്കൂട്ടത്തിൽ കാണാണ്ടായിപ്പോകും.."


ഞാനും ഉമ്മയും നേർച്ചപ്പന്തലിൽ ആരെങ്കിലും കോഴിയെ പിടിച്ചുകൊണ്ടു വരുന്നതും കാത്ത് മാറി നിന്നു.''ഇന്നെടോ കോയി " ഞാൻ കോഴിയെ കൊണ്ടുവന്നു നീട്ടിയ ആളെ നോക്കി."അതാണ് മോനേ ഇഖാസ് " ഉമ്മ ചെവിയിൽ പറഞ്ഞു തന്നു.



ഇഖാസ്ക് 
 ആവുപ്പാട് നേർച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട ചsങ്ങായിരുന്നു അന്നദാനം .മഞ്ഞച്ചോറും ഇറച്ചിക്കറിയും നേർച്ച നിവേദ്യമായി ഭക്തർക്ക് നല്കും. ഭക്ഷ്യക്ഷാമമുണ്ടായിരുന്ന അക്കാലത്ത് മലബാറിന്റെ നാനാഭാഗങ്ങളിൽ നിന്നും നേർച്ചച്ചോറ് വാങ്ങാൻ ആളുകളെത്താറുണ്ടായിരുന്നു.
പാളയിൽ ചോറും കറിയും പൊതിഞ്ഞു വാങ്ങുക അവിടത്തെ ഒരു പഴക്കമായിരുന്നു.


ചില വിരുതൻമാർ പാളച്ചോറ് വാങ്ങി തിന്ന ശേഷം പള്ളിക്കുളത്തിൽ പോയി പാള കഴുകിയ ശേഷം വീണ്ടും ചോറ് വാങ്ങാൻ വരും. അത്തരക്കാരെ പിടികൂടി പാള  കസ്റ്റഡിയിലെടുക്കുക  ഇഖാസിന്റ ഡ്യൂട്ടിയായിരുന്നു.
 

ഒരു നട്ടുച്ചയ്ക്ക് എവിടെ നിന്നോ വിശന്നുവലഞ്ഞെത്തിയ ഒരു മുസ്ലിയാരു കുട്ടി അല്പം ചോറിനായി ഇഖാസിനെ സമീപിച്ചു.അലിവു തോന്നിയ ഇഖാസ് പിടിച്ചുകൂട്ടിയിട്ട പാളകളിൽ നിന്ന് ഒരെണ്ണമെടുത്ത് കലോറയിൽ ചോറിനു ചെന്നു.

പാള വാങ്ങി മണപ്പിച്ചു നോക്കിയ വിളമ്പുകാരൻ കേളുനായർ അത്  പുറത്തേക്കു വലിച്ചെറിഞ്ഞു.എല്ലാവരും നോക്കിയിരിക്കേ
ആ പാള ആകാശത്തേക്ക് ആണ്ടുപോയി.ഇഖാസ് തിരിഞ്ഞുനോക്കിയപ്പോൾ ആ മുസ്ലിയാരുകുട്ടിയെ അവിടെയെങ്ങും കണ്ടില്ല...


അന്ന് തൊട്ട് ആ നേർച്ചസ്ഥലത്ത് എത്ര വെച്ചാലും ചോറും കറിയും തികയാതെ വന്നു ...


 

മജീദ് മൂത്തേടത്ത്

Previous Post Next Post
3/TECH/col-right