പാലക്കാട്:തണ്ണിശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശികളാണ് മരിച്ചത്. നെല്ലിയാമ്പതിയില്‍ അപകടത്തില്‍ പരുക്കേറ്റവരെ പാലക്കാട്ടേക്കു കൊണ്ടുവരുന്ന ആംബുലന്‍സാണ് അപകടത്തിൽപെട്ടത്.


ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീര്‍, വാടാനംക്കുറിശ്ശി സ്വദേശികളായ സുബൈര്‍, ഷാഫി, ഫവാസ്, നാസര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പാലക്കാട് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര വന്നവര്‍ ചെറിയൊരു അപകടത്തില്‍ പെട്ടിരുന്നു. ഇവരുമായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.


 ആംബുലന്‍സില്‍ മിനിലോറി ഇടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മുഴുവന്‍ പേരും അപകടത്തില്‍ മരണപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് അപകടശേഷം ആളുകളെ പുറത്തെടുത്തത്.

പട്ടാമ്പിയിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു അഞ്ച് പട്ടാമ്പി സ്വദേശികൾ. ഇവർക്ക് യാത്രയ്ക്കിടെ ചെറിയ അപകടം സംഭവിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ നെന്മാറയിലെ ചെറിയ ആശുപത്രിയിലെത്തിച്ചു. 

തുടർന്ന് ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇവരെ പാലക്കാട്ടെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. വിവരമറിയിച്ചപ്പോൾ ഇവരെ കാണാൻ പട്ടാമ്പിയിൽ നിന്ന് ബന്ധുക്കളും എത്തി. ഇവരടക്കമുള്ളവരാണ് ആംബുലൻസിൽ കയറിയത്.

സ്കാനിംഗ്, എക്സ്റേ അടക്കമുള്ള തുടർ പരിശോധനകൾക്കായി പാലക്കാട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇവർ. പാലക്കാട്ടെത്തുന്നതിന് മുമ്പ് തണ്ണിശ്ശേരിയിൽ വച്ച് അപകടമുണ്ടായത്. മീൻ കൊണ്ടുപോകുന്ന ലോറിയുമായാണ് ആംബുലൻസ് കൂട്ടിയിടിച്ചത്.