Trending

കക്കാടം പൊയിലില്‍ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ബന്ധു പോലീസ് കസ്റ്റഡിയില്‍

കൂടരഞ്ഞി: കക്കാടം പൊയിലില്‍ ആദിവാസി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യയാന്‍മല സ്വദേശി ഹരിദാസനെയാണ് കക്കാടം പൊയില്‍ കരിമ്പു കോളനിക്ക് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 


ഹരിദാസന്റെ മാതൃ സഹോദരന്‍ രാമന്‍കുട്ടി ശനിയാഴ്ച മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ഹരിദാസന്‍ കോളനിയിലെത്തിയത്. 

ഞായറാഴ്ച രാവിലെയാണ് ഹരിദാസന്റെ മൃതദേഹം രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ എം ഡി സുനിലിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി പോലീസും ഫോറന്‍സിക് വിദഗ്ദരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. 

മൃതദേഹത്തില്‍ രക്തം ഒലിച്ചിറങ്ങിയ നിലയിലാണ്. സമീപത്തെ കല്ലുകളിലും മരത്തിലും രക്തം തെറിച്ചിട്ടുണ്ട്. കല്ലുകൊണ്ട് തലക്ക് കുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

കോളനിയില്‍ നാല് വര്‍ഷത്തിനിടെ നാലാമത്തെ കൊലപാതകമാണ് നടക്കുന്നതെന്നും ഹരിദാസന്റെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 

സംഭവത്തില്‍ ഹരിദാസന്റെ ബന്ധുവായ രാജേഷിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
Previous Post Next Post
3/TECH/col-right