Trending

ജെറ്റ് എയര്‍വേയ്‌സ്: ടിക്കറ്റ് തുക മടക്കി കിട്ടാന്‍ വൈകും; പ്രവാസികള്‍ ആശങ്കയില്‍

മനാമ/ മുംബൈ:ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികള്‍ ആശങ്കയില്‍. ജെറ്റ് എയര്‍വേയ്‌സില്‍നിന്ന് ലഭിച്ചാല്‍ മാത്രമേ തുക മടക്കി നല്‍കാനാകൂയെന്ന് ഇന്ത്യയിലേയും ഗള്‍ഫിലേയും പ്രശസ്ത ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.
 

ധാരാളം റീഫണ്ട് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്നും ജെറ്റ് എയര്‍വേയ്‌സ് കമ്പനിയില്‍നിന്ന് കിട്ടുന്ന മുറയ്ക്ക് മാത്രമേ തുക നല്‍കാനാകൂയെന്നാണ് പ്രശസ്ത ട്രാവല്‍ ഏജന്‍സി തങ്ങളുടെ ബ്രാഞ്ചകളേയും മറ്റു ട്രാവല്‍ ഏജന്റുമാരേയും അറയിച്ചിരിക്കുന്നത്. മറ്റു ഇടപാടുകളുടെ തുകയില്‍നിന്ന് റീഫണ്ട് തുക എടുക്കരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചതിനാല്‍ ജെറ്റ് എയര്‍വേസില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ യാത്ര മുടങ്ങിയവര്‍ കാത്തുനില്‍ക്കേണ്ടിവരും.


ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് മേയ് നാലുവരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പിഴ കൂടാതെ പണം മടക്കി നല്‍കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേയ്‌സ് ബഹ്‌റൈന്‍ അധികൃതരാണ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ മേയ് നാലു മുതലുള്ള ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ല. ഇത് ടിക്കറ്റ് ബുക്ക് ചെയ്ത നൂറുകണക്കിന് പ്രവാസി കുടുംബങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് ബഹ്‌റൈനിലെ സ്‌കൂള്‍ അവധിക്കാലം.


മാസങ്ങള്‍ക്ക് മുമ്പെ നിരവധി പേര്‍ ജെറ്റ് എയര്‍വേയ്‌സില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. പിഴ ഈടാക്കാതെ പണം തിരകെ നല്‍കാന്‍ നിര്‍ദേശമില്ലാത്തതിനാല്‍ മേയ് നാലിനുശേഷം ബുക്ക് ചെയ്തവര്‍ ഇപ്പോള്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ വലിയ തുക നഷ്ടമാകും.മറ്റു വിമാന കമ്പനികളില്‍ ടിക്കറ്റ് എടുക്കാമെന്നു വെച്ചാല്‍ എല്ലാ സര്‍വീസുകള്‍ക്കും നിരക്ക് കൂടിയിരിക്കയാണ്. 


വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും കൂടുമെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. അതിനിടെ, ശമ്പള കുടിശ്ശികയുടെ വിവരങ്ങളറിയാന്‍ ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാരും ജീവനക്കാരും മുംബൈയിലെ ജെറ്റ് ആസ്ഥാനത്തെത്തി.മറ്റു ഇന്ത്യന്‍ കമ്പനികളെ അപേക്ഷിച്ച് വലിയ ശമ്പളം വാങ്ങിയിരുന്നവരാണ് ജെറ്റിലെ പൈലറ്റുമാര്‍.


ജെറ്റിന് ടിക്കറ്റെടുത്ത് കുടുങ്ങിയ ജിദ്ദ, ദമാം, അബുദബി, ദുബായ്, മസ്‌കത്ത് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ 'രക്ഷാ നിരക്ക്'

മുംബൈ- സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകെ സര്‍വീസ് നിര്‍ത്തി വച്ച ജെറ്റ് എയര്‍വേയ്‌സിനു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം ടിക്കറ്റെടുത്ത രാജ്യാന്തര യാത്രക്കാര്‍ക്ക് പ്രത്യേക 'രക്ഷാ നിരക്ക്' പ്രഖ്യാപിച്ച എയര്‍ ഇന്ത്യ രക്ഷയ്‌ക്കെത്തി. 

ജെറ്റിന് ടിക്കറ്റെടുത്ത് കുടുങ്ങിയ യാത്രക്കാരെ സഹായിക്കാന്‍ കഴിയുമോ എന്ന് കേന്ദ്ര സര്‍ക്കാര്‍ വിമാന കമ്പനികളോട് ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് എയര്‍ ഇന്ത്യ രക്ഷാ നിരക്കില്‍ ഇവര്‍ക്ക് യാത്രാ സൗകര്യമൊരുക്കാമെന്ന് പ്രഖ്യാപിച്ചത്.

ജിദ്ദ, ദമാം, അബുദബി, മസ്‌കത്ത് എന്നീ ഗള്‍ഫ് നഗരങ്ങളില്‍ നിന്നും പാരിസ്, ലണ്ടന്‍, ഹിത്രോ, സിംഗപൂര്‍, ഹോങ്കോങ് തുടങ്ങിയ എയര്‍ ഇന്ത്യയും ജെറ്റും സര്‍വീസു നടത്തുന്ന നഗരങ്ങളില്‍ നിന്നുമുള്ള ജെറ്റ് യാത്രക്കാര്‍ക്കാണ് എയര്‍ ഇന്ത്യ പ്രത്യേക നിരക്കില്‍ യാത്രാ സൗകര്യമൊരുക്കുക.

ജെറ്റ് എയര്‍വേയ്‌സിന്റെ ടിക്കറ്റ് നല്‍കിയാല്‍ രക്ഷാ നിരക്കില്‍ യാത്ര ചെയ്യാമെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്. ഇളവ് നിരക്ക് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Previous Post Next Post
3/TECH/col-right