കരിപ്പൂര്‍:സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വർഷത്തെ ആദ്യ തീർത്ഥാടക സംഘം ജൂലൈ 4-ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ഇരുപത്തി അയ്യായിരം പേർക്കു കൂടി അവസരം ലഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അറിയിച്ചു. ഹജ്ജ് യാത്രാസൗകര്യങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മഖ്സൂദ് അഹ്മദ്ഖാൻ ഉടൻ കേരളത്തിലെത്തും.
ജൂലൈ നാലിനാണ് ഹജ്ജ് കമ്മിറ്റിയുടെ ഈ വർഷത്തെ ആദ്യ തീർത്ഥാടകസംഘം കോഴിക്കോട് നിന്ന് പുറപ്പെടുക. മുൻ വർഷത്തേതിനേക്കാൾ വ്യത്യസ്തമായി ആദ്യം മദീനയിലേക്കുള്ള യാത്രയാണ് കേരളത്തിലെ തീർത്ഥാടകർക്ക് വേണ്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിരിക്കുന്നത്.
കോഴിക്കോടിനു പുറമേ കൊച്ചിയിൽ നിന്നുമാണ് നേരിട്ട് മദീനയിലേക്ക് യാത്ര പുറപ്പെടുന്നത്. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ മസൂദ് അഹമ്മദ് ഖാനുമായി കേരള ഹജ്ജ് കമ്മിറ്റി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
ഹജ്ജ് യാത്രാ സൗകര്യങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫീസർ കേരളം സന്ദർശിക്കും. സൗദി എയർലൈൻസ്, എയർ ഇന്ത്യ, കാലിക്കറ്റ് എയർപോർട്ട് അതോറിറ്റി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച പുതിയകോട്ട പ്രകാരം ഇന്ത്യയിൽ 25,000 ഹാജിമാർക്ക് കൂടി ഇത്തവണ അവസരം ലഭിക്കും.
നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട കേരളത്തിലെ വെയ്റ്റിങ് ലിസ്റ്റിൽ ക്രമനമ്പർ 2000 വരെയുള്ളവർ പാസ്പോർട്ട് ഈ മാസം 8 നും 22നും ഇടയിൽ ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.
Tags:
KERALA