സൂര്യ താപം : ശ്രദ്ധിക്കുക ഇക്കാര്യങ്ങള്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 25 March 2019

സൂര്യ താപം : ശ്രദ്ധിക്കുക ഇക്കാര്യങ്ങള്‍


 സംസ്ഥാനത്ത് സൂര്യാതപ ജാഗ്രതാ മുന്നറിയിപ്പ് സർക്കാർ നാലുദിവസം കൂടി നീട്ടി. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ താപനില ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ചൂട് 4 ഡിഗ്രി വരെ കൂടാൻ സാധ്യതയുണ്ട്. ഇതിനിടെ, സംസ്ഥാനത്ത് അനുഭവപ്പെടുന്ന കൊടുംചൂടിൽ ഇതുവരെ 118 പേർക്ക് പൊള്ളലേറ്റു. ഇതിൽ 55 പേർക്കു കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് പൊള്ളലേറ്റത്.

കേരളത്തിൽ രേഖപ്പെടുത്തുന്ന കൂടിയ ചൂട് ഇപ്പോഴും 40 ഡിഗ്രിക്കു താഴെയാണ്. എന്നാൽ‌, അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രതയായ താപസൂചിക 50 ഡിഗ്രിക്കു മുകളിലാണ്. കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം പാലക്കാട് ഉൾപ്പെടെ വടക്കൻ മേഖലയിലാണ് തീവ്രത 50നു മുകളിലെത്തിയത്. തെക്കൻ കേരളത്തിൽ തീവ്രത 45നു മുകളിലാണ്. വായുപ്രവാഹത്തിലെ ചൂടും അന്തരീക്ഷത്തിലെ ആർദ്രത ഉയർന്നതുമാണു തീവ്രത വർധിക്കാൻ ഇടയാക്കിയത്. 45നു മുകളിൽ താപസൂചിക ഉയർന്നാൽ അപകടകരമാണെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ താപനില 3 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ വർധിക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ചൂട് 3 ഡിഗ്രി വരെ കൂടാൻ സാധ്യതയുണ്ട്. 11 മണി മുതൽ മൂന്നു വരെ നേരിട്ടു വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വീണ്ടും ശക്തമായ മുന്നറിയിപ്പു നൽകി.

ചൂട് ഇങ്ങനെ കൂടാനും സൂര്യാതപം ഉണ്ടാകാനും കാരണമെന്താണ്?

മാർച്ചിൽ ചൂട് പൊടുന്നനെ കൂടാറുണ്ടെങ്കിലും ഇത്രയേറെ ഉയരുന്നതും നീണ്ടുനിൽക്കുന്നതും അപൂർവമാണ്. ദക്ഷിണാർധ ഗോളത്തിൽനിന്നു സൂര്യൻ ഉത്തരാർധ ഗോളത്തിലേക്കു മാറുന്നതിനിടെ ഭൂമധ്യരേഖയ്ക്കു നേരെ മുകളിലാണിപ്പോൾ. അതായതു കേരളത്തിനു നേരെ മുകളിൽ. ഇതോടൊപ്പം മേഘങ്ങളുടെ കുറവു കൂടിയാകുമ്പോൾ സൂര്യപ്രകാശം നേരിട്ടു ഭൂമിയിലേക്കു പതിക്കും. ഇതു ചൂടു കൂടാൻ ഇടയാക്കുന്നു. ബംഗാൾ ഉൾക്കടലിനു സമീപം നിലനിൽക്കുന്ന എതിർ ചുഴലിക്കാറ്റ് (ആന്റി സൈക്ലോൺ) മൂലം കേരളത്തിലെത്തുന്ന വായുപ്രവാഹത്തിന്റെ ചൂടു കൂടിയിട്ടുണ്ട്. എൽനിനോയുടെ സ്വാധീനവും ചൂട് വർധിപ്പിക്കുന്നു. കഴിഞ്ഞ വർഷം മാർച്ച് ആദ്യം ചൂട് കൂടിയിരുന്നെങ്കിലും അറബിക്കടലിലെ ന്യൂനമർദത്തെത്തുടർന്നു ശക്തമായ വേനൽമഴ ലഭിച്ചതോടെ അതു നീണ്ടുനിന്നില്ല.

ശ്രദ്ധിക്കുക

∙ 11 മണി മുതൽ 3 മണിവരെ നേരിട്ടു വെയിലേൽക്കരുത്.
∙ നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക.
∙ ചൂടുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
∙ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
∙ കുട്ടികൾ, രോഗികൾ, ഗർഭിണികൾ, വയോധികർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തുക.
∙ ഉച്ചസമയത്ത് ജോലി ചെയ്യിക്കരുതെന്ന ലേബർ കമ്മിഷണറുടെ ഉത്തരവ് പാലിക്കുക

No comments:

Post a Comment

Post Bottom Ad

Nature