തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക്  പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണിവരെയുള്ള സമയങ്ങില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. നിരോധിത സമയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന പക്ഷം അവ കണ്ടുകെട്ടും.ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അധികൃതരില്‍ നിന്നും ലഭിക്കുന്ന രജിസ്‌ട്രേഷന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം ഉച്ചഭാഷിണിയുള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതായിരിക്കും.

ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, വ്യക്തികള്‍ എന്നിവര്‍ റിട്ടേണിംഗ് ഓഫീസര്‍, ലോക്കല്‍ പോലീസ് എന്നിവരെ പെര്‍മിറ്റിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.

നിയമം ലംഘിക്കാതെയാണ് അവ ഉപയോഗിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് ലോക്കല്‍ പോലീസാണ്. തെരഞ്ഞെടുപ്പിന്റെ അവസാന 48 മണിക്കൂര്‍ മുമ്പ് വരെ മാത്രമേ  ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടുള്ളു. 


പോളിംഗ് അവസാനിച്ചതിന് ശേഷം ഫലപ്രഖ്യാപനം വരെ ഉച്ചഭാഷിണികളുമായി ബന്ധപ്പെട്ട നിയമങ്ങളും ഉത്തരവുകളും പാലിക്കണം. 

നിയമ പ്രകാരം അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ശബ്ദം ഉച്ചഭാഷിണികളിലൂടെ ഉപയോഗിക്കാന്‍ പാടുള്ളതല്ല.  ഇത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കുന്നതാണ്.