Trending

ചൂട് കൂടുന്നു; സംസ്ഥാനത്ത് നിരവധി പേർക്ക് സൂര്യതാപമേറ്റു

കോഴിക്കോട്: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂടുതൽ സ്ഥലങ്ങളിൽ സൂര്യതാപമേറ്റുള്ള അപകടങ്ങൾ റിപ്പോർട്ടു ചെയ്തു. കൊല്ലത്ത് ഗൃഹനാഥൻ മരിച്ചത് സൂര്യതാപമേറ്റാണെന്ന് സംശയിക്കുന്നു. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ സൂര്യതാപമേറ്റുള്ള അപകടങ്ങളുണ്ടായി. ചൂട് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കാൻ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പുണ്ട്.


കൊല്ലം അയത്തിൽ പുളിന്താനത്ത് തെക്കതിൽ പുഷ്പൻ ചെട്ടിയാർ സൂര്യതാപമേറ്റാണ് മരിച്ചതെന്നു സംശയിക്കുന്നു. വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

പത്തനംതിട്ട റാന്നിയിലും രണ്ടു പേർക്ക് ചൊവ്വാഴ്ച സൂര്യതാപമേറ്റു. പെരുമ്പുഴ സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർ തോട്ടമൺ വടക്കേ തയ്യിൽ മധു(51), മല്ലപ്പള്ളി മുൻ പഞ്ചായത്തംഗം മാത്യൂസ് കല്ലുപുരയ്ക്കൽ എന്നിവർക്കാണ് സൂര്യതാപത്തിൽ പൊള്ളലേറ്റത്. മാത്യൂസിന് തോളിലും മധുവിന്റെ മുഖത്തുമാണ് പൊള്ളലേറ്റത്. കടുത്ത വെയിലേറ്റതിനെ തുടർന്നാണ് ഇരുവർക്കും പരിക്കേറ്റത്.

കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ മാലൂരിലും കോഴിക്കോട് കൊയിലാണ്ടിയിലും സൂര്യതാപമേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മാലൂരിലെ തോലമ്പ്ര താറ്റിയാട്ടെ കെ.എം രാജീവനും കൊയിലാണ്ടി ട്രാഫിക് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇരിങ്ങൽ ഇടക്കുറിശി ഹൗസിൽ ബിജേഷിനുമാണ് പൊള്ളലേറ്റത്. ബിജേഷിന് ഡ്യൂട്ടിക്കിടെയാണ് സൂര്യതാപമേറ്റത്. കഴിഞ്ഞ ആഴ്ച പാലക്കാടും മൂന്നു പേർക്ക് സൂര്യതാപമേറ്റിരുന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സമാനമായ ഒട്ടേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് അഞ്ചുജില്ലകളിൽ താപനില വർധിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പുണ്ടായിരുന്നു. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ വർധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നത്. പാലക്കാട് വെള്ളിയാഴ്ച പകൽചൂട് 41 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു.

സൂര്യതാപമേറ്റുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാത, പകൽ സമയത്ത് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുന്നതിന് തൊഴിൽ സമയം ക്രമീകരിച്ചുകൊണ്ട് ലേബർ കമ്മീഷണറും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.


Previous Post Next Post
3/TECH/col-right