ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെസ്റ്റ് എൻഡിലെ ആഡംബരവസതിയിൽ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.


ഇന്ത്യയിലെ എൻഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്നായിരുന്നു എൻഫോഴ്സ്മെന്‍റിന്‍റെ ആവശ്യം.

ഓഗസ്റ്റ് 2018-ലാണ് എൻഫോഴ്സ്മെന്‍റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലണ്ടൻ കോടതിയ്ക്ക് മുമ്പാകെ വച്ചത്. യു കെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയിൽ ഒപ്പു വച്ചു. 

നീരവ് മോദിയെ അറസ്റ്റ് ചെയ്താൽ വെസ്റ്റ് മിൻസ്റ്റർ കോടതിയിൽ വിചാരണ തുടങ്ങാം. കോടതിയ്ക്ക് നീരവിനെ കൈമാറാൻ അനുവദിച്ചുകൊണ്ട് ഈ കോടതിയ്ക്ക് വിധി പുറപ്പെടുവിക്കാനാകും. 

ഈ മാസം ആദ്യവാരം ടെലഗ്രാഫ് ദിനപത്രത്തിന്‍റെ ലേഖകർ നീരവ് മോദിയെ കണ്ടപ്പോൾ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം 'നോ കമന്‍റ്സ്' എന്ന് മാത്രമായിരുന്നു മറുപടി. 

ലണ്ടനിലെ വെസ്റ്റ് എൻഡിൽ 80 ലക്ഷം പൗണ്ടിന്റെ (ഏകദേശം 73 കോടി) അപ്പാർട്ട്മെന്റിലാണ് മോദിയുടെ താമസം. ബിനാമി പേരിൽ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും റിപ്പോട്ടുകളുണ്ട്. കഴിഞ്ഞ ദിവസം മോദിയുടെ മുംബൈയിലെ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതർ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്തിരുന്നു. 

കടൽത്തീരത്ത് കൈയേറ്റഭൂമിയിലാണ് ബം​ഗ്ലാവ് പണിതതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബം​ഗ്ലാവ് പൊളിച്ചുമാറ്റാൻ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്.