Trending

ലോക്‌സഭാ തിരഞ്ഞെടുപ്പ്:ഏഴ് ഘട്ടം

ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് തുടങ്ങും. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23നാണ്. മേയ് 23നാണ് ഫലപ്രഖ്യാപനം. 


ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ജൂണ്‍ മൂന്ന് വരെയാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

വോട്ടെടുപ്പ് ഇങ്ങനെ
 ഒന്നാം ഘട്ടം - ഏപ്രില്‍ 11
 രണ്ടാം ഘട്ടം - ഏപ്രില്‍ 18
 മൂന്നാം ഘട്ടം - ഏപ്രില്‍ 23
 നാലാം ഘട്ടം - ഏപ്രില്‍ 29
 അഞ്ചാം ഘട്ടം - മേയ് 6
 ആറാം ഘട്ടം- മേയ് 12
 ഏഴാം ഘട്ടം - മേയ് 19
 ഫലപ്രഖ്യാപനം - മേയ് 23.


ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും വിവിധ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ചകള്‍ നടത്തിയതായും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

രാജ്യത്താകമാനം 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 കോടി പുതിയ വോട്ടര്‍മാരുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കായി 1950 എന്ന ടോള്‍ഫ്രീ നമ്ബര്‍ ഏര്‍പ്പെടുത്തും. രാജ്യത്തെ പരീക്ഷാ സമയം ഒഴിവാക്കിയാകും തിരഞ്ഞെടുപ്പ് തീരുമാനിക്കുക. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും. വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉള്‍പ്പെടുത്തും. വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 

രാജ്യത്ത് 10 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ കേസുകളെ സംബന്ധിച്ച്‌ പത്രപരസ്യം നല്‍കി കമ്മിഷനെ അറിയിക്കണം. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്‌ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സുതാര്യമായ തിരഞ്ഞെടുപ്പിന് മാദ്ധ്യമങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങളും കമ്മിഷന് സമര്‍പ്പിക്കണം. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
Previous Post Next Post
3/TECH/col-right