പൂനൂര്‍: കാന്തപുരം മഹല്ലില്‍ നടക്കുന്ന 750 പേരുടെ ആണ്ടുനേര്‍ച്ചക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മരിച്ചവരുടെ ബന്ധുക്കളും അല്ലാത്തവരുമായി അയ്യായിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കും.  മഹല്ലിലെ വീടുകള്‍ തോറുമുള്ള സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.


മരിച്ചവരുടെ പ്രാഥമിക ലിസ്റ്റില്‍ അഞ്ഞൂറോളം പേരുടെ വിവരങ്ങളാണ് ലഭ്യമായിരുന്നതെങ്കിലും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 750 പേരുടെ കണക്ക് ഉള്‍പ്പെടുന്ന സമ്പൂര്‍ണ ലിസ്റ്റാണ് തയ്യാറായത്. അവേലത്ത് മഖാം സ്വലാത്ത് കമ്മിറ്റിയുടെ കീഴിലാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഇത്രയും പേരുടെ ആണ്ട് നേര്‍ച്ച ഒന്നിച്ച് നടത്തുന്നത്.   

നാളെ (എട്ടിന്) നടക്കുന്ന ആണ്ട് നേര്‍ച്ചയുടെ മുന്നോടിയായി മരിച്ചവര്‍ക്കുള്ള ഖത്മുല്‍ ഖുര്‍ആന്‍ നാളെയോടെ ഓരോ വീട്ടിലും പൂര്‍ത്തിയാകും. അനുസ്മരണ പരിപാടിയില്‍ ഖത്തം ദുആ നടക്കും. ഡോ. അവേലത്ത് സ്വബൂർ തങ്ങൾ  നേതൃത്വം നല്‍കും. മഗ്‌രിബ് നിസ്‌കാരാനന്തരം ഖബര്‍ സിയാറത്ത് നടക്കും. 

തുടര്‍ന്ന് അനുസ്മരണ പ്രഭാഷണവും ഖത്തം ദുആയും സ്വലാത്തും നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സയ്യിദ് അബൂബക്കര്‍ കോയ തങ്ങള്‍, ഉസ്താദ് അഹ്മദ് ഫള്ഫരി തുടങ്ങിയവര്‍ സംബന്ധിക്കും.  

മഹല്ലില്‍ നിന്ന് മരണപ്പെട്ടവരുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന സ്മരണികയും  പുറത്തിറക്കും. ദൈ്വമാസ സ്വലാത്തിന്റെ ഭാഗമായി ആരംഭിക്കുന്ന അവേലത്ത് തങ്ങള്‍ കുടിവെള്ള പദ്ധതിയുടെ ആദ്യപ്രവൃത്തി ഉദ്ഘാടനവും അന്ന് നടക്കും.