മലപ്പുറം: എടവണ്ണ തൂവ്വക്കാട്ടെ പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. പെയിന്റുകളും തിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ ഗോഡൗണില്‍ അതിവേഗം തീപടരുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു.
അപകടം സംഭവിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇതുവരെ തീ അണയ്ക്കാനായിട്ടില്ല. ഗോഡൗണില്‍നിന്ന് പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാല്‍ പ്രദേശത്തുനിന്ന് അകന്നുനില്‍ക്കാന്‍ അഗ്നിശമന സേന ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീ അണയ്ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള അഗ്നിശമന സംവിധാനങ്ങളും സംഭവസ്ഥലത്തെത്തി.
ഗോഡൗണിലേക്ക് എത്തിയ ലോറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. അപകടമുണ്ടായപ്പോള്‍ തന്നെ ഗോഡൗണിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.
മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നായി 15 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
അതിനിടെയും പെയിന്റ് ഗോഡൗണില്‍ തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. നാല് വശവും മതില്‍ കെട്ടിയ രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പെയിന്റുകളും ടര്‍പ്പന്റൈനും നിറച്ച ടാങ്കുകള്‍ പൊട്ടിത്തെറിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
കെട്ടിടത്തില്‍ വലിയ ടാങ്കറുകളില്‍ ഇത്തരം രാസവസ്തുകള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഇനിയും പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഗോഡൗണില്‍നിന്ന് പുറത്തേക്ക് തീ പടരാതിരിക്കാന്‍ അഗ്നിശമനസേന മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെഭാഗമായി സമീപത്തെ പത്ത് കുടുംബങ്ങളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു.
Tags:
KERALA