Trending

അമിതവേഗതയിൽ ചീറിപ്പാഞ്ഞു വന്ന ടിപ്പർ ലോറി അമ്മയിൽ നിന്നും പിഞ്ചു ബാലന്റെ ജീവൻ കവർന്നെടുത്തു

അരീക്കോട്: കൊയിലാണ്ടി-എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ അരീക്കോടിനടുത്ത വാലില്ലാപുഴയിൽ സ്കൂൾ വിട്ട് മാതാവിനോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന വാലില്ലാപുഴ കോലോത്തുംതൊടി അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് ആദിൽ (ഏഴ് വയസ്സ്) വാലില്ലാപുഴയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. 





വാലില്ലാപുഴ പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. വാലില്ലാപുഴയിലെ സ്വകാര്യ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ആദിൽ ഉമ്മ ജൽസിയ ഓടിച്ച സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ അതേ ദിശയിൽ അമിതവേഗതയിൽ പാഞ്ഞടുത്ത ടിപ്പർ ലോറി സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 


റോഡിൽ തെറിച്ചു വീണ മുഹമ്മദ് ആദിലിന്റെ തലയിൽ കൂടി അതേ ടിപ്പർ ലോറിയുടെ പിൻചക്രം കയറിയിറങ്ങിയതാണ് മരണകാരണം. കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. റോഡിന്റെ വശത്ത് വീണ ഉമ്മ ജൽസിയക്ക് സാരമായി പരിക്കേറ്റു. 

വീട്ടിലെത്താൻ വെറും നൂറ് മീറ്റർ മാത്രം അവശേഷിക്കവേയാണ് മരണം ടിപ്പർ ലോറിയുടെ രൂപത്തിൽ പാഞ്ഞടുത്തത്. പരിക്കേറ്റ മാതാവിനെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

സഹോദരി : അൽന, ഒരു വയസ്സുള്ള സഹോദരനുമുണ്ട്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ( 14-02-2019-വ്യാഴം) ഉച്ചകഴിഞ്ഞ് വാലില്ലാപുഴ ജുമുഅത്ത് പള്ളിയിൽ ഖബറടക്കും.
Previous Post Next Post
3/TECH/col-right