കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ ലൂതർബെന്‍, ജോൺപോള്‍, ആന്‍റണി എന്നിവ‌ർ പാലക്കാട് നിന്നാണ് പൊലീസ് പിടിയിലായത്. കൊച്ചിയിൽ വെച്ച് വിനീത് എന്നയാളെയാണ് ലൂതർബെനും ജോൺപോളും ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വർഷങ്ങൾക്കു മുൻപ് വിനീത് ഫേസ്ബുക്കില്‍ ഇട്ട കമന്‍റുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. 

 വർഷങ്ങള്‍ക്കുശേഷം വിനീതിനെ പനമ്പിള്ളി നഗറില്‍ വച്ചു വീണ്ടും കണ്ടപ്പോള്‍ ലൂതർബെന്നും ജോൺപോളും ചേർന്ന് കൈയേറ്റം ചെയ്തു.
ശേഷം വിനീതിനെ കാറില്‍ ബലം പ്രയോഗിച്ച് കയറ്റികൊണ്ടു പോകാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായത്. 

പനമ്പള്ളി നഗറിലെ കൊച്ചിൻ ഷിപ്പ് യാർഡ് കെട്ടിടത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. 

തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാറില്‍നിന്നും വിനീത് പുറത്തേക്ക് എടുത്ത ചാടുന്നതും ഈ സമയത്ത് കാറിന്‍റെ വേഗം കൂട്ടിയപ്പോള്‍ മുന്‍പില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന തോമസിന്‍റെ തലയ്ക്ക് മുകളിലൂടെ കാർ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

കുമ്പളങ്ങി സ്വദേശിയായ തോമസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സംഭവത്തില്‍ പിടിയിലായ രണ്ടുപേർക്കുമെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. 

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രതികള്‍ക്കെതിരെ  ശക്തമായ തെളിവാണ്.