കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനം വീണ്ടും മാറ്റി. നേരത്തെ ഈ മാസം 10ന് ഉദ്ഘാടനം ചെയ്യാനിരുന്ന ടെർമിനൽ പിന്നീട് മൂന്നിന് ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നു. 


കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയാവുന്ന ചടങ്ങിന്റെ കത്തുകളടക്കം അച്ചടിച്ചതിന് ശേഷമാണ് കേന്ദ്രമന്ത്രിയുടെ അസൗകര്യം മൂലം വീണ്ടും മാറ്റിയത്. 

വിമാനത്താവളത്തിൽ നടന്ന വിവിധ ഏജൻസികളുടെ മാരത്തോൺ ചർച്ചയിൽ ഉദ്ഘാടനത്തിനുളള ഒരുക്കങ്ങൾ നടക്കവെയാണ് വീണ്ടും മാറ്റിയത്. നിലവിൽ പുതിയ തിയ്യതി തീരുമാനിച്ചിട്ടില്ല. 

120 കോടി രൂപ ചെലവിലാണ് ടെർമിനൽ നിർമ്മാണം പൂർത്തിയാക്കിയത്.17,000 ചതുരശ്ര അടിയിൽ രണ്ട് നിലയിലാണ് പുതിയ ആഗമന ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. ഇതോടെ നിലവിലെ ആഗമന ടെർമിനൽ ആഭ്യന്തര യാത്രക്കാരുടെ പുറപ്പെടൽ കേന്ദ്രമായി മാറും. 

അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറിൽ 1527 യാത്രക്കാരെ ഉൾെക്കാളളാൻ കഴിയുന്ന രീതിയിലാണ് ടെർമിനൽ നിർമിച്ചിരിക്കുന്നത്. ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക ലോഞ്ച്, പ്രാർഥനാ മുറി, വിസ ഓൺ അറൈവൽ യാത്രക്കാർക്ക് മൂന്ന് കൗണ്ടറുകളടക്കം പുതിയ ടെർമിനലിൽ സജ്ജീകരിച്ചിട്ടുണ്ട്.