കുന്ദമംഗലം: കിണർ വെള്ളത്തിൽ കലർന്ന മലിനജലംമൂലം ദുരിതം പേറുകയാണ്‌ മാട്ടുമ്മൽ നിവാസികൾ. ഒന്നരമാസംമുമ്പ്‌ കുടിവെള്ളത്തിൽ നിറവ്യത്യാസവും ഗന്ധവും അനുഭവപ്പെട്ടതോടെയാണ്‌ മൂന്നുവീട്ടുകാർ ചേർന്ന് കിണർ പരിശോധിച്ചത്‌. ഇതോടെ വെള്ളത്തിൽ മലിനജലത്തിന്റെ സാന്നിധ്യം കണ്ടെത്തി.ഐ.ഐ.എമ്മിൽനിന്ന്‌ ശുചീകരണപ്ലാന്റിലേക്കുള്ള മലിനജലക്കുഴലിൽനിന്ന്‌ വെള്ളം പുറത്തേക്കൊഴുകിയതാണ്‌ വെള്ളം കേടാവാൻ കാരണമെന്നാണ് വീട്ടുകാർ പറയുന്നത്.

ആരോഗ്യവകുപ്പും പഞ്ചായത്തധികൃതരും സ്ഥലത്തെത്തി പരിശോധിച്ചശേഷം കിണർ വറ്റിച്ച്‌ വൃത്തിയാക്കിയിരുന്നു. മലിനമായ കിണറുകളിലെ വെള്ളം പരിശോധിച്ച്‌ കുഴപ്പമില്ലെന്ന്‌ തെളിയുന്നതുവരെ വീട്ടുകാർക്ക്‌ ശുദ്ധജലമെത്തിക്കുമെന്ന് ഐ.ഐ.എം. അധികൃതർ ഉറപ്പുനൽകിയിരുന്നു. 


 ഐ.ഐ.എം. അധികൃതരുടെ നേതൃത്വത്തിൽ വെള്ളം പരിശോധിക്കുകയും അതിൽ കോളിഫോം ബാക്ടീരിയ ഇല്ലെന്നും കണ്ടെത്തി. എന്നാൽ, വീട്ടുകാർ സ്വന്തംനിലയ്ക്ക്‌ പരിശോധിച്ചപ്പോൾ വള്ളത്തിൽ ഇ-കോളി അടക്കമുള്ള ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. 

ഈ സാഹചര്യത്തിൽ വീട്ടുകാരുടെയും ഐ.ഐ.എം. അധികൃതരുടെയും സാന്നിധ്യത്തിൽ വെള്ളം പരിശോധിക്കാൻ ധാരണയായിട്ടുണ്ട്‌. അതോടൊപ്പം വിഷയം പൂർണമായും പരിഹരിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ഹെൽത്ത്‌ ഇൻസ്പെക്ടർ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ കത്തും നൽകി.