Trending

കിഴക്കോത്ത് പാലോറ മലയിലെ നിര്‍മാണത്തിനെതിരെ സമരം ശക്തമാക്കുന്നു

കിഴക്കോത്ത്: "വീണ്ടുമൊരു കരിഞ്ചോല ആവർത്തിക്കുമോ?"......കാവിലുമ്മാരം പാലോറ മലയിലെ റിസോര്‍ട്ട് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു. കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നിര്‍മാണത്തിന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി ആരംഭിച്ചെങ്കിലും വില്ലേജ് ഓഫീസറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. 


എന്നാല്‍ ഇത് പിന്‍വലിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്. മതിയായ പരിശോധനകള്‍ ഇല്ലാതെയാണ് വിവിധ വകുപ്പുകള്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. 

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരല്ലെന്നും വന്‍കിട നിര്‍മാണം കൊണ്ടുണ്ടാവുന്ന മാലിന്യ പ്രശ്‌നം ഉള്‍പ്പെടെ പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കിയെങ്കിലും കെട്ടിട നിര്‍മാണം സംബന്ധിച്ച നടപടി സ്വീകരിക്കേണ്ടത് ഗ്രാമപഞ്ചായത്താണെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും പ്രദേശവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ പഞ്ചായത്ത് നല്‍കിയ കെട്ടിട നിര്‍മാണ അനുമതി റദ്ദാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 


എന്നാല്‍ നിയമങ്ങള്‍ പാലിച്ചാണ് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നു. പ്രദേശവാസികള്‍ക്ക് നേരത്തെ എതിര്‍പ്പ് ഇല്ലാത്തതിനാലാണ് അനുമതി നല്‍കിയതെന്നും ഇപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനാല്‍ അവരുടെ ആശങ്ക പരിഹരിക്കുമെന്നും വാര്‍ഡ് മെമ്പര്‍ വി എം മനോജ് പറഞ്ഞു.

 കിഴക്കോത്ത് വില്ലേജ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ മൊയ്തു കല്ലങ്കോടന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ എ പി അബു അധ്യക്ഷത വഹിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷന്‍, ശശി ചക്കാലക്കല്‍, വി എം മനോജ്, ഗിരീഷ് വലിയപറമ്പ്, പി കെ സുലൈമാന്‍, ജൗഹര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 


Previous Post Next Post
3/TECH/col-right