Trending

യുഎഇയില്‍ 1200 കോടി വായ്പയെടുത്ത് മുങ്ങിയ കേസില്‍ 19 മലയാളികള്‍ പ്രതികള്‍

യു.എ.ഇ.യിലെ ബാങ്കുകളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ 20,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കേരളത്തില്‍ നിയമനടപടികള്‍ ആരംഭിച്ചു. നാഷണല്‍ ബങ്ക് ഓഫ് റാസല്‍ ഖൈമ, നാഷണല്‍ ബങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 


ബാങ്ക് അധികൃതര്‍ വ്യാഴാഴ്ച എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കി. കേസ് സംബന്ധിച്ച രേഖകളും അന്വേഷണസംഘത്തിന് കൈമാറുമെന്ന് ഇവര്‍ അറിയിച്ചു.

തട്ടിപ്പു നടത്തിയ 46 കമ്പനികള്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഈ കമ്പനികള്‍ 1200 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. 


ഇതുസംബന്ധിച്ച കേസുകളില്‍ എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 19 മലയാളികള്‍ പ്രതികളായിട്ടുണ്ട്. ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങിയ എമിറേറ്റുകളിലാണ് തട്ടിപ്പു നടന്നിരിക്കുന്നത്.

പ്രതികള്‍, യുഎഇയില്‍ കമ്പനികള്‍ ഉണ്ടാക്കിയ ശേഷം അതുസംബന്ധിച്ച രേഖകള്‍ കാണിച്ച് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങുകയായിരുന്നെന്ന് ബാങ്കിന്റെ കേരളത്തിലെ പവര്‍ ഓഫ് അറ്റോര്‍ണി പ്രിന്‍സ് സുബ്രഹ്മണ്യന്‍ പറഞ്ഞു.


 'വ്യത്യസ്ത ബാങ്കുകളില്‍ നിന്നും പലരായി വായ്പയെടുത്തതിനാലാണ് ഇത്രയും വലിയ തുക തട്ടിയെടുക്കാനായത്. വായ്പയെടുത്തവര്‍ മുങ്ങിയതിനൊപ്പം ബാങ്കില്‍ സമര്‍പ്പിച്ചിരുന്ന കമ്പനികളും അവയുടെ ആസ്തികളും സ്റ്റോക്കുകളുമെല്ലാം അപ്രത്യക്ഷമാവുകയായിരുന്നു' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Previous Post Next Post
3/TECH/col-right