Trending

കാരാട്ട് റസാഖിന്റെ അയോഗ്യത; അപ്രതീക്ഷിത തിരിച്ചടിയില്‍ ഇടതുമുന്നണി


ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ കോഴിക്കോട് തിരിച്ച് പിടിക്കാനൊരുങ്ങുന്ന ഇടതുമുന്നണിക്ക് അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയാണ് കൊടുവള്ളി എം.എല്‍.എ കാരാട്ട് റാസാഖിന്റെ തിരഞ്ഞെടുപ്പ് അയോഗ്യത. ഹൈക്കോടതി വിധി വന്ന ശേഷം കാരാട്ട് റസാഖിന്റെ ഹര്‍ജിയില്‍ വിധിക്ക് സ്‌റ്റേ നല്‍കിയെങ്കിലും നിയപരമായ പോരാട്ടത്തിനൊരുങ്ങുകയാണ് മുസ്‌ലിം ലീഗ്.




കൊടുവള്ളി ഉള്‍പ്പെടുന്ന ആറ് നിയമസഭാ മണ്ഡലങ്ങളുള്ള കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിന്റെ വിജയം കൊടുവള്ളിയിലെ വോട്ടര്‍മാരെ ആശ്രയിച്ചാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെയാണ് വ്യക്തിഹത്യ ആരോപണത്തിന്റെ പേരില്‍ കാരാട്ട് റസാഖിനെതിരെ വിധി വന്നത്.


വിധിക്കെതിരേ മേല്‍ക്കോടതിയില്‍ സമീപിക്കുമെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കുന്നുണ്ടെങ്കിലും കോടതി ഇത് തള്ളുകയാണെങ്കില്‍ ഇടതുമുന്നണിക്കെതിരെ കൊടുവള്ളിയില്‍ യു.ഡി.എഫിനും മുസ്‌ലിം ലീഗിനും ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ആയുധവുമാവും കോടതി വിധി.

2009 ലും 2014 ലും ഇടതുമുന്നണിക്ക് നഷ്ടപ്പെട്ട കോഴിക്കോട് ലോക്‌സഭാ മണ്ഡലം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ തന്നെ വീണ്ടും രംഗത്തിറക്കി തിരുച്ചുപിടിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലായിരുന്നു ഇടതുമുന്നണി.

ശബരിമല വിഷയത്തിലടക്കം തിരിച്ചടി ലഭിച്ചേക്കാം എന്ന വിലയിരുത്തലില്‍ മുസ്‌ലിം വിഭാഗങ്ങള്‍ ഏറെയുള്ള കൊടുവള്ളി കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തമാക്കിയാല്‍ ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയിലാവുമെന്ന പ്രതീക്ഷയിലുമായിരുന്നു നേതൃത്വം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വരികെയാണ് അപ്രതീക്ഷിതമായി കൊടുവള്ളി എം.എല്‍.എയ്ക്ക് അയോഗ്യത കല്‍പ്പിച്ച് കൊണ്ട് ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നത്.

മുസ്‌ലിം ജനവിഭാഗങ്ങള്‍ ഏറേയുള്ള മണ്ഡലം എന്നതിന് പുറമെ ലീഗിന്റെ ഉറച്ച കോട്ട കൂടിയായിരുന്നു കൊടുവള്ളി. അതുകൊണ്ട് തന്നെയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അടക്കം സജീവമായിരുന്ന ലീഗിന്റെ ജില്ലാ ട്രഷറര്‍ എം.എ റസാഖ് മാസ്റ്ററെ മത്സരിപ്പിക്കാന്‍ ലീഗ് നേൃത്വം തീരുമാനിച്ചതും.

വിജയം ഉറപ്പായിരുന്ന ഇവിടെ വിമതനായി മത്സരിച്ച കാരാട്ട് റസാഖ് 573 വോട്ടിന്റെ പിന്‍ബലത്തില്‍ ഇടതുപിന്തുണയോടെ മത്സരിച്ച് വിജയിച്ചത് ലീഗിനെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്.

വീട് അനുവദിച്ചതുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നായിരുന്നു അന്ന് കാരാട്ട് റാസാഖ് റാസാഖ് മാസ്റ്റര്‍ക്കെതിരേ പ്രചരിപ്പിച്ചിരുന്നത്. തെറ്റായ ആരോപണം ഉന്നയിച്ച് റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്തുവെന്ന രീതിയില്‍ അന്ന് ലീഗ് നേതൃത്വവും റാസാഖ് മാസ്റ്ററും പോലീസിലടക്കം പരാതി നല്‍കുകയും ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.

ഇതിലാണ് വ്യാഴാഴ്ച ഹൈക്കോടതിയുടെ നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്.

Previous Post Next Post
3/TECH/col-right