Trending

വാർത്തകൾ ഒറ്റ നോട്ടത്തിൽ


ഗതാഗത നിയന്ത്രണം

പയ്യോളി പേരാമ്പ്ര റോഡില്‍ പേരാമ്പ്രയ്ക്കും മേപ്പയ്യൂരിനുമിടയില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 15 മുതല്‍ പണി തീരുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ മേപ്പയ്യൂരില്‍ നിന്ന് കുരുടിമുക്ക് കാവുന്തറ നടുവണ്ണൂര്‍ വഴി പേരാമ്പ്രയിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


റോഡ് പുനരുദ്ധാരണം; പുനക്രമീകരിച്ച് ഭരണാനുമതി

ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി മൂന്ന് ലക്ഷം രൂപ വീതം ഭരണാനുമതി നല്‍കിയിരുന്ന ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കരിയാത്തന്‍കുന്ന് റോഡ്, ചാലിക്കുഴി നാരങ്ങാളി ചെറുപടം റോഡ്, തെക്കുമ്പലം താമരത്ത് റോഡ് എന്നീ പ്രവൃത്തികളുടെ ഭരണാനുമതി റദ്ദ് ചെയ്തു. പകരമായി കൊടുവള്ളി പഞ്ചായത്തിലെ കെ എം ഒ സ്‌കൂള്‍ ക്രോസ് റോഡ്, ചാത്തമംഗലം പഞ്ചായത്തിലെ അമ്മാംകുഴി എടത്തില്‍ തൊടിക റോഡ്, കൈക്കലാട്ട് ചപ്പങ്ങത്തോട്ടം റോഡ് എന്നിവയ്ക്ക് ഭരണനുമതി ലഭിച്ചതായി പി ടി എ റഹീം എം എല്‍ എ അറിയിച്ചു.


ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എന്‍ സതീഷ് കുമാര്‍ ചുമതലയേറ്റു
കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എന്‍ സതീഷ് കുമാര്‍ ചുമതലയേറ്റു. ഏറണാകുളം പെരുമ്പാവൂര്‍ സ്വദേശിയാണ്. വയനാട്, തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍ ഓഫീസില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


സ്റ്റാഫ് നഴ്‌സ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആര്‍ എസ് ബി വൈക്ക് കീഴില്‍ സ്റ്റാഫ് നഴ്‌സുമാരുടെ രണ്ട് ഒഴിവുകളിലേക്ക് 179 ദിവസത്തിലേക്ക് നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ ഇന്‍ നഴ്‌സിംഗ്, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 16 ന്  രാവിലെ 11 മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തിച്ചേരണം. ഫോണ്‍: 04952357457.


സൗജന്യ പരീക്ഷാ പരിശീലനം

നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിനു കീഴില്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ് സി/ എസ് റ്റി യുടെ ആഭിമുഖ്യത്തില്‍ 2019 ഫെബ്രുവരി മാസത്തില്‍ പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി പി എസ് സി, യൂനിവേഴ്‌സിറ്റി അസിസ്റ്റന്റ്, വി ഇ ഒ, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തുടങ്ങിയ പരീക്ഷകള്‍ക്കായി സ്‌റ്റൈപ്പന്റോടു കൂടിയ സൗജന്യ തീവ്ര പരീക്ഷാ പരിശീലന പരിപാടി നടത്തുന്നു.

എസ് എസ് എല്‍ സിയോ അതിനു മുകളിലോ യോഗ്യതയുളള (ഉയര്‍ന്ന യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന) 18-46 പ്രായപരിധിയിലുളള പട്ടികജാതി/ പട്ടിക ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ജനുവരി 25 ന് മുന്‍പായി സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04952376179.


ഹരിതായനം 2019 ജില്ലയില്‍  ജനുവരി 17 മുതല്‍

ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ബോധവത്കരണ സന്ദേശങ്ങളും ഉള്‍പ്പെടുത്തി സജ്ജമാക്കിയ പ്രചരണ വാഹനം ഹരിതായനം 2019 ജില്ലയില്‍  ജനുവരി 17 മുതല്‍ 20 വരെ പര്യടനം നടത്തും. ഇരുവശത്തും ഡിജിറ്റല്‍ സ്‌ക്രീന്‍ ഘടിപ്പിച്ചിട്ടുള്ള വാഹനം പ്രധാന കവലകളിലും ജനം കൂടുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങള്‍ക്ക് മുന്നിലും എത്തി വീഡിയോ പ്രദര്‍ശനം നടത്തും. ഹരിതകേരളം മിഷനെക്കുറിച്ചും ഹരിതപെരുമാറ്റച്ചട്ടം, ശുചിത്വ മാലിന്യ സംസ്‌കരണത്തിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ രൂപീകരിച്ച ഹരിതകര്‍മ്മസേന, സുരക്ഷിത ഭക്ഷ്യോല്‍പാദനം, അധിക നെല്‍കൃഷി വ്യാപനം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളെ കുറിച്ചുള്ള വീഡിയോകളും മറ്റ് ബോധവല്‍കരണ സന്ദേശങ്ങളുമാണ് ഹരിതായനത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ജനുവരി 17 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ നിന്ന് പര്യടനം ആരംഭിക്കും.


തൊഴിലവസരങ്ങളുമായി എംപ്ലോയബിലിറ്റി

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 16 ന് രാവിലെ 10.30 മണിക്ക് അഭിമുഖം നടത്തും. കോഴിക്കോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഡെവലപ്‌മെന്റ് മാനേജര്‍, സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍, ഫാക്കല്‍റ്റി, എഡ്യൂക്കേഷന്‍ കോണ്‍സള്‍റ്റന്റ്, അക്കാഡമിക്കൗണ്‍സിലര്‍, ടെലികൗണ്‍സിലര്‍, ബിസിനസ് എക്‌സിക്യൂട്ടീവ്, ബിസിനസ് മാനേജര്‍, ജൂനിയര്‍ ഫാക്കല്‍റ്റി, സീനിയര്‍ ഫാക്കല്‍റ്റി, ബ്രാഞ്ച് സെയില്‍സ് ഹെഡ്, സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, വാഷിംഗ് സ്റ്റാഫ്, ഡ്രൈവര്‍, ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ഷോറൂം മാനേജര്‍, റിസപ്ഷനിസ്റ്റ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് 250 രൂപയും ഐ ഡി കാര്‍ഡിന്റെ പകര്‍പ്പും നല്‍കി പുതുതായി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം രാവിലെ 10.30 മണിക്ക് സെന്ററില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 04952370178 / 6.

Previous Post Next Post
3/TECH/col-right