Trending

"ഗോരക്ഷ" പദ്ധതി: ജില്ലയിൽ 141 സ്ക്വാഡുകൾ

കോഴിക്കോട്: കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതി ‘ഗോരക്ഷ’യ്ക്ക് ജില്ലയിൽ 141 സ്ക്വാഡുകൾ രൂപീകരിച്ചു. 


ഒരു ലൈവ്സ്റ്റോക് ഇൻസ്പെക്ടറും അറ്റൻഡറും അടങ്ങിയതാണ് ഒരു സ്ക്വാ‍ഡ്. ഇവർ ഒ‌ാരോ കർഷകനെയും സമീപിച്ച് ഉരുക്കളിൽ കുത്തിവയ്പ് എടുക്കുകയും ചെവിയിൽ കമ്മലടിക്കുകയും (ഇയർ ടാഗ്) ചെയ്യും. കുത്തിവയ്പ് എടുക്കുന്നവയുടെ ജിയോ ടാഗിങ് ഉറപ്പാക്കും.

ഭാവിയിൽ ഗർഭധാരണത്തിനുള്ള കുത്തിവയ്പിനും ഇൻഷുറൻസ് പരിരക്ഷയ്ക്കും വിവിധ സർക്കാർ ആനുകൂല്യത്തിനും കമ്മൽ അടിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നു ജില്ലാ മൃഗസംരക്ഷണ ഒ‌ാഫിസ് ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ.വി.ഉമ, മൃഗരോഗനിയന്ത്രണ പദ്ധതി ജില്ലാ കോ ഒ‌ാർഡിനേറ്റർ ഡോ. സി.സലാഹുദീൻ എന്നിവർ അറിയിച്ചു. 


കുത്തിവയ്പിനു ശേഷം കമ്മൽ അടിച്ചെന്നു കർഷകർ ഉറപ്പാക്കണം. ഒരു പശുവിന് 10 രൂപയാണു കർഷകർ നൽകേണ്ടത്. 3 മാസത്തിൽ താഴെയുള്ള പശുക്കുട്ടികൾ, 9 മാസം ഗർഭിണിയായ പശുക്കൾ, രോഗമുള്ളവ എന്നിവയെ കുത്തിവയ്പിൽനിന്ന് ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു.
 

മൃഗസംരക്ഷണ വകുപ്പ് കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ 25–ാം ഘട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എ.മിനി അധ്യക്ഷത വഹിച്ചു. 

ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ.വി.ഉമ, ഡോ. അഹമ്മദ് കെയ്സ് (മിൽമ), ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫിസർ കെ.രശ്മി, എഡിസിപി ജില്ലാ കോ–ഓർഡിനേറ്റർ ഡോ. സി.സലാഹുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

Previous Post Next Post
3/TECH/col-right