Trending

കോഴിക്കോട് വിമാനത്താവളത്തെ രക്ഷിക്കാന്‍ നാട് കൈകോര്‍ക്കുന്നു

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നീക്കമാരംഭിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പോരാട്ടത്തിലൂടെ നേടിയെടുത്ത നേട്ടങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാരും വിവിധ സംഘടനകളും കൈകോര്‍ക്കുകയാണ്. 


കണ്ണൂര്‍ വിമാനത്താവളത്തെ രക്ഷിക്കാന്‍ കരിപ്പൂരിനെ തകര്‍ക്കുന്ന നടപടിയെക്കുറിച്ച് ഇന്നലെ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഇന്ധന നികുതി 28ശതമാനത്തില്‍നിന്ന് ഒരു ശതമാനമാക്കി കുറച്ച നടപടിയിലാണ് പ്രതിഷേധം കനക്കുന്നത്.
പ്രളയത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ തന്നെ ജി.എസ്.ടിയില്‍ ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനിടയില്‍ സ്വകാര്യ മേഖലയിലുള്ള കണ്ണൂര്‍ വിമാനത്താവളത്തിന് 27 ശതമാനം നികുതിയിളവ് ഏര്‍പ്പെടുത്തിയതിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുകയെന്നാണ് സംഘടനകള്‍ ചോദിക്കുന്നത്. 

കണ്ണൂരിന് പ്രത്യേക പരിഗണന നല്‍കുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ കോഴിക്കോടിനെ തകര്‍ക്കുന്ന തരത്തില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിച്ചുകൊണ്ടാകരുതെന്നുമാണ് ഉയരുന്ന ആവശ്യം. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഭാരവാഹികള്‍ അറിയിച്ചു. 

ഈ നീക്കത്തിനെതിരേ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂരില്‍നിന്ന് ഇന്ധനം നിറയ്ക്കുന്ന (എ.ടി.എഫ്) വിമാനക്കമ്പനികള്‍ പത്തു വര്‍ഷത്തേക്ക് ഒരു ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതി എന്നാണ് സര്‍ക്കാരിന്റെ അസാധാരണ ഗസറ്റ് നോട്ടിഫിക്കേഷനില്‍ പ്രസിദ്ധീകരിച്ചത്. 

ഇതുകൊണ്ടുതന്നെ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരിനോട് പ്രിയം കൂടുകയാണ്. കരിപ്പൂരില്‍ പത്തു വര്‍ഷത്തേക്ക് 28 ശതമാനം നികുതിയാണ് നല്‍കേണ്ടത്. ഈ വ്യത്യാസം കാരണം കണ്ണൂരില്‍നിന്ന് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാനയാത്രാ ചെലവ് കോഴിക്കോടിനേക്കാള്‍ നേര്‍ പകുതി മതിയാകും. ഇത് വിമാന കമ്പനികളെ മാത്രമല്ല യാത്രക്കാരെയും സ്വാധീനിക്കും.

ഇന്‍ഡിഗോ കണ്ണൂര്‍-ബംഗളൂരു സര്‍വിസിന് 1600 രൂപയും ഗോ എയര്‍ 1236 രൂപയുമാണ് ഈടാക്കുന്നത്. അതേസമയം, കരിപ്പൂരില്‍നിന്ന് 2535 രൂപയാണ് ഈടാക്കുന്നത്. ഇതിനു കാരണം സര്‍ക്കാര്‍ നികുതി കുറച്ചതാണ്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ കോഴിക്കോട് സര്‍വിസും ഇതേ രീതിയില്‍ കണ്ണൂരിനുവേണ്ടി തടഞ്ഞിട്ടിരിക്കുന്നതായും പരാതിയുണ്ട്. 

കേന്ദ്ര ഗവണ്‍മെന്റിന്റെ അധീനതയിലുള്ള കോഴിക്കോട് എയര്‍പോര്‍ട്ട് മൂന്നുവര്‍ഷമായി അതിജീവന വഴിയിലായിരുന്നു. റണ്‍വേ, കോഡ് ഇ വിമാനങ്ങള്‍, ആഭ്യന്തര വിമാന സര്‍വിസുകള്‍ എന്നിവയിലെല്ലാം പ്രതിസന്ധികളെ അഭിമുഖീകരിച്ചിരുന്നു.

 പ്രതാപം തിരിച്ചുപിടിക്കാന്‍ കൂട്ടായ ശ്രമം നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ തന്നെ തടസമായി നില്‍ക്കുന്നത്. ഇത് കോഴിക്കോട്ടു നിന്നുള്ള ആഭ്യന്തര സര്‍വിസുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
ഇതിനെതിരേ മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഭാരവാഹികളായ പി.എ ആസിഫ്, ടി.പി അഹമ്മദ് കോയ, രാജേഷ് കുഞ്ഞപ്പന്‍, എ.പി അബ്ദുല്ലക്കുട്ടി എന്നിവരും അറിയിച്ചു. 
Previous Post Next Post
3/TECH/col-right