Trending

എ.എന്‍.ഷംസീര്‍ എം.എല്‍.എ.യുടെയും,ബി.ജെ.പി. എം.പി. വി.മുരളീധരന്‍റെയും വീടുകൾക്ക് നേരെ ബോംബേറ്

കണ്ണൂര്‍: എ എൻ ഷംസീർ എംഎൽഎയുടെ  വീടിന് നേരെ ബോംബേറ്. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്‍റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. 



ഇന്നലെ നടന്ന ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ സെക്രട്ടറി എ എൻ ഹരിദാസിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി.

തുടര്‍ന്ന് സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. സ്ഥലത്ത് സിപിഎം ബിജെപി സംഘര്‍ഷം തുടരുകയാണ്.  ഇന്ന് ബിജെപിയുടെ മണ്ഡലം സെക്രട്ടറിയുടെയും സിപിഎമ്മിന്‍റെ തലശേരി ഏരിയ കമ്മിറ്റിയംഗത്തിന്‍റേയും വീട് ആക്രമിക്കപ്പെട്ടിരുന്നു.


ബിജെപി എം പി  വി മുരളീധരന്‍റെ തലശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയിൽ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോൾ എംപിയുടെ പെങ്ങളും  ഭർത്താവും ആണ് വീട്ടിലുണ്ടായിരുന്നത്.

തലശ്ശേരിയിലെ എംഎല്‍എ ഷംസീറിന്‍റെയും പി ശശിയുടെയും  വീടിന് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്‍റെ വീടും ആക്രമിക്കപ്പെട്ടത്. 

കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് രാത്രിയില്‍ വെട്ടേറ്റിരുന്നു. പെരുമ്പറ സ്വദേശി വിശാഖിനാണ് ഇരുട്ടിയില്‍ വെട്ടേറ്റത്. 
കണ്ണൂരില്‍ സിപിഎം - ആര്‍എസ്എസ് വ്യാപക അക്രമം തുടരുകയാണ്. ഇന്നലെ നടന്ന ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. 

അതേസമയം സംഘർഷ ബാധിത പ്രദേശങ്ങളിൽ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസുകാരോട് ലീവുകളും ഓഫറുകളും റദ്ദാക്കി മടങ്ങി എത്താൻ നിർദേശം നല്‍കിയിട്ടുണ്ട്. രാത്രിയിൽ പരിശോധനയും തിരച്ചിലും നടക്കും.

തന്റെ വീടിന് നേരെ നടന്ന ബോംബാക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്സെന്ന് എ എന്‍ ഷംസീര്‍ എം എല്‍ എ. ഇതിന് മറുപടി പറയേണ്ടത് ആര്‍എസ്എസ് നേതൃത്വമാണെന്നും ഷംസീര്‍ എം എല്‍ എ പറഞ്ഞു. 

'കേരളത്തില്‍ ആസൂത്രിതമായി കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്റെ വീടിന് നേരെയുണ്ടായ ആക്രമണം. 

തലശ്ശേരിയിലെ ഒരു ചെറിയ കേന്ദ്രത്തില്‍ മാത്രമാണ് സംഘര്‍ഷമുണ്ടായിരുന്നത്. ഇത് പരിഹരിക്കാന്‍ എന്റെ കൂടി മുന്‍കയ്യിലാണ് എസ്പിയുടെ അധ്യക്ഷതയില്‍ സിപിഎം- ആര്‍എസ്എസ് നേതൃത്വങ്ങളുമായി സമാധാന ചര്‍ച്ച നടത്തിയത്. 

ഈ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് എന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞിരിക്കുന്നത്. ഇത് സമാധാനമുണ്ടാക്കണം എന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ്.

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സിപിഎം ഒരു കക്ഷിയല്ലെന്നും പിന്നെയെന്തിനാണ് സിപിഎമ്മിന് നേരെ തിരിയുന്നതെന്നും ഷംസീര്‍ ചോദിച്ചു. ആര്‍എസ്എസിന്റെ ആസൂത്രിതമായ നീക്കമായിരുന്നു ഇതെന്നും ഷംസീര്‍ ആരോപിച്ചു.


 
Previous Post Next Post
3/TECH/col-right