Trending

മുത്തലാഖ്:ബില്‍ ലോക്സഭയില്‍ പാസായി

ദില്ലി: മുത്തലാഖ് ബില്ല് ലോക്സഭയില്‍ പാസായി. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു.  245 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 11 പേർ എതിർത്തു. സിപിഎം എതിർത്ത് വോട്ടു ചെയ്തു. എൻ കെ പ്രേമചന്ദ്രനും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.


കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. ഓർഡിനൻസിനെതിരെയുള്ള എൻകെ പ്രേമചന്ദ്രൻറെ പ്രമേയം സ്പീക്കർ തള്ളുകയായിരുന്നു. മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നതാണ് കോണ്‍ഗ്രസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്.

 മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്. ഇത് എടുത്തുകളയണമെന്ന ആവശ്യം വോട്ടെടുപ്പില്‍ തള്ളി പോകുകയായിരുന്നു. ഒമ്പത് വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ഇതില്‍ ഓരോ വ്യവസ്ഥകളിലും വോട്ടുടുപ്പ് നടക്കുകയാണ്.

മുത്തലാഖ് നിരോധന ബിൽ പിൻവലിക്കണമെന്നും മതപരമായ വിഷയങ്ങളിൽ ഇടപെടരുതെന്നുമാണ് കോൺഗ്രസ് ലോക്സഭയിൽ ആവശ്യപ്പെട്ടത്. മുത്തലാഖ് നിരോധന ബില്ലിൽ മാറ്റങ്ങൾ വരുത്തിയാൽ അംഗീകരിക്കാം എന്നായിരുന്നു കോൺഗ്രസിൻറെ ആദ്യനിലപാട്. എന്നാൽ ബില്ല് അനാവശ്യമെന്ന നിലപാടിലേക്കാണ് കോൺഗ്രസ് എത്തിയിരിക്കുന്നത്. 

നിയസഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് ബില്ലിനെ എതിർക്കാൻ കോൺഗ്രസിന് ബലം നല്‍കുന്നത്. ഉത്തർപ്രദേശിൽ ന്യൂനപക്ഷവിഭാഗങ്ങളെ പാർട്ടിക്കൊപ്പം നിറുത്തുക എന്ന ലക്ഷ്യവും കോൺഗ്രസിനുണ്ട്.

ബില്ല് പാസാക്കാൻ അണ്ണാ ഡിഎംകെ ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെ സഹകരണം ബിജെപി തേടിയിരുന്നെങ്കിലും അണ്ണാ ഡി എം വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. 

ബില്ല് പാസ്സാക്കിയ ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ആർജ്ജിക്കാൻ ശ്രമിക്കണമെന്ന നിർദ്ദേശമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പാർട്ടി നേതാക്കൾക്ക് നല്‍കിയിരിക്കുന്നത്. 

1000 സ്ത്രീകളെ മുത്തലാഖ് പ്രമുഖ് എന്ന പേരിൽ പ്രചരണത്തിന് നിയോഗിക്കാനാണ് തീരുമാനം.
Previous Post Next Post
3/TECH/col-right