Trending

ബദൽ റോഡും, ബൈപ്പാസും, ഫയലുകൾ ചുവപ്പുനാടയിൽ:ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടി യാത്രക്കാർ

താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാത 766 ൽ രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ മണിക്കൂറുകളാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്.


ഇതിനു പരിഹാരം എന്ന രൂപത്തിൽ ചെക്ക് പോസ്റ്റിൽ നിന്നും ആരംഭിച്ച്  പരപ്പൻ പൊയിലിന് സമീപം അവസാനിക്കുന്ന രൂപത്തിൽ ബൈപ്പാസിനായി പ്രാഥമിക സർവ്വേ നടത്തിയിരുന്നു.എന്നാൽ തുടർ പ്രവർത്തികൾ സ്തംഭിച്ച മട്ടാണ്.

കൂടാതെ കാരാടി ഭാഗത്ത് നിന്നും എളുപ്പത്തിൽ ചെക്ക് പോസ്റ്റിൽ എത്തി ചേരുന്നതിനായി കൂടത്തായി റോഡിൽ നിന്നും ചെക്ക് പോസ്റ്റ് ഭാഗത്തേക്ക് സ്ഥലം MLA നിർദ്ദേശിച്ച ലിങ്ക് റോഡിനായുള്ള നിർദ്ദേശവും  എങ്ങുമെത്തിയില്ല.

ചുങ്കം ജംഗ്‌ഷനിലെ പഴയ കെട്ടിടം പൊളിച്ച്   ജംഗ്ഷനിൽ അൽപം വീതി കൂട്ടി ഗതാഗത തടസ്സത്തിന് അൽപം ആശ്വാസമാകുമായിരുന്ന പദ്ധതിയും  മുടങ്ങി.

രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി രംഗത്തു വരാൻ മുഖ്യധാര രാഷ്ട്രീയ പാർട്ടികളും തയ്യാറാവുന്നില്ല.


ദീർഘദൂര യാത്രക്കാരാണ് ഗതാഗതകുരുക്ക് മൂലം ഏറെ കഷ്ടപ്പെടുന്നത്. നാലും അഞ്ചും ട്രാഫിക് ഉദ്യോഗസ്ഥർ നിയന്ത്രിച്ചിട്ടും പലസമയത്തും കുരുക്കഴിക്കാൻ സാധിക്കാറില്ല.


ഓരോ ദിവസവും ഏറി വരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാനായി ജനപ്രതിനിധികളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും, നാട്ടുകാരും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി യാത്രക്കാർ പറഞ്ഞു.


Previous Post Next Post
3/TECH/col-right