Trending

സര്‍ഗാലയ അന്താരാഷ്ട്ര കലാകരകൗശലമേള നാളെ മുതല്‍

കോഴിക്കോട്: എട്ടാമത് സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് കോഴിക്കോട് വടകര ഇരിങ്ങല്‍ സര്‍ഗാലയയില്‍ നാളെ തുടക്കമാവും. വൈകുന്നേരം 6.30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ടി.പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജനുവരി ഏഴുവരെ നീണ്ടു നില്‍ക്കുന്ന കലാ കരകൗശലമേളയില്‍ 250 പ്രദര്‍ശന സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഭൂട്ടാന്‍, നേപ്പാള്‍, ഉസ്‌ബെക്കിസ്താന്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന കരകൗശല വിദഗ്ധരുടെ പ്രദര്‍ശനസ്റ്റാളുകളും മേളയുടെ പ്രത്യേകതയാണ്. 20 സംസ്ഥാനങ്ങളില്‍ നിന്നായി 300 ല്‍ പരം കരകൗശല വിദഗ്ധരും കേരളത്തിലെ കരകൗശല പൈതൃക ഗ്രാമങ്ങളിലെ വിദഗ്ധരും സര്‍ഗാലയിലെ സ്ഥിരം ജീവനക്കാരും മേളയില്‍ പങ്കെടുക്കും. ദേശീയ, സംസ്ഥാന അവാര്‍ഡ് ജേതാക്കളായ കരകൗശല വിദഗ്ധരുടെ പ്രദര്‍ശനമുള്‍പ്പെടെ 500 വിദഗ്ധരേയാണ് മേളയുടെ ഭാഗമായി എത്തിക്കുന്നത്.

ഇതിനു പുറമേ കേരള ഗോത്രഗ്രാമം, കളരിവില്ലേജ്, കേരളീയ ഭക്ഷ്യമേള, അമ്യൂസ്മെന്റ് റൈഡുകള്‍ തുടങ്ങിയവയും ആകര്‍ഷകങ്ങളായി ഒരുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള റൂറല്‍ ആര്‍ട്ട്ഹബ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ 20 പൈതൃകകരകൗശല കൈത്തറി ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി കരകൗശല കൈത്തറി പൈതൃക ഗ്രാമ പവലിയനും ഈ മേളയുടെ ഭാഗമായിട്ടുണ്ട്.


കിര്‍ത്താഡ്സ്, വയനാട്ടിലെ 'എന്ന ഊര്' പദ്ധതിയുടേയും നേതൃത്വത്തിലാണ് ഗോത്രഗ്രാമം ഒരുക്കുന്നത്. നിരവധി സിനിമാതാരങ്ങളുള്‍പ്പെടെ പങ്കെടുക്കുന്ന കലാവിരുന്നുകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. മേളയിലെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗിനായി 14 പ്രത്യേക സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. 


ഏകദേശം 3000 ത്തില്‍ പരം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളതെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സബ്കളക്ടര്‍ വി.വിഘ്‌നേശ്വരി, കെ.ദാസന്‍ എംഎല്‍എ, പയ്യോളി നഗരസഭ അധ്യക്ഷ വി.ടി.ഉഷ, സര്‍ഗാലയ സിഇഒ പി.പി.ഭാസ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.


Previous Post Next Post
3/TECH/col-right