Trending

സ്നേഹ ബന്ധങ്ങളുടെ അംബാസഡർ

32 വർഷങ്ങൾക്ക് മുമ്പ് ജയലാൽ എന്ന ചെറുപ്പക്കാരൻ എളേറ്റിൽ അങ്ങാടിയിൽ ടാക്സി സേവനവുമായി രംഗത്ത് വന്ന നാൾമുതൽ തന്നെ നാട്ടുകാരുടെ ഹൃദയത്തിൽ കാവിന്റെ ഉമ്മറത്ത് ഇമ്പിച്ചേക്കു മൂപ്പരുടെ മകൻ ഒരു ഇടം കണ്ടെത്തിയിരുന്നു.



ടാക്സി മേഖല കൊടിയ പ്രതിസന്ധിയിൽ ആയിട്ടുപോലും ഇന്നും തന്റെ സപര്യ തുടർന്നുകൊണ്ടു പോകുന്ന ജയലാലേട്ടന്   പറയാനുള്ളത് ഒരു ഒരുപാട് ജീവിതങ്ങളുടെ തന്നെ കഥയാണ്. എളേറ്റിൽ നിന്നു വിവിധ ആശുപത്രികളിലേക്കും മറ്റും പോകാൻ വാഹനങ്ങൾ വിരളമായിരുന്ന കാലത്ത് രാവും പകലുമില്ലാതെ ഓടിത്തളർന്ന ടാക്സി ജീവിതങ്ങളുടെ കഥ.
 


അമ്മായി പോക്കും വയറു കാണലും അപ്പക്കാഴ്ചയും ചോറൂണും നൂലുകെട്ടും സൽക്കാരവും നിറഞ്ഞ കാലത്ത് ടാറിട്ടാത്ത ചെളി നിറഞ്ഞ റോഡുകളിൽ തലങ്ങും വിലങ്ങും ഓടിയ കഥ... സ്വപ്നങ്ങളും പ്രതീക്ഷകളും, ആശങ്കകളും ആധികളുമായി മാറിയ ഏതോ ദുർബലനിമിഷത്തിൽ ഇട്ടേച്ച് പോകേണ്ടിവന്ന ഒരുപാട് ജീവിതങ്ങളുടെ കഥ...
 


അർദ്ധരാത്രിയിൽ അസുഖബാധിതരായ ഒരു പാട് പേർക്ക് ആശ്രയമായ കഥ...
അപകടങ്ങളുടെ വെപ്രാളത്തിൽ പണം വാങ്ങാതെ മെഡിക്കൽ കോളേജിലേക്കോടിയ നിശബ്ദ സാമൂഹ്യ സേവനത്തിന്റെ കഥ...
 

എളേറ്റിൽ കോട്ടക്കലിൽ നിന്നും തന്റെ ജീപ്പിൽ തൂങ്ങി വന്നിരുന്ന വാതോരാതെ സംസാരിച്ചിരുന്ന ജാഫർ എന്ന മിടുക്കനായ പയ്യൻ ഇന്ന് കർണാടകയിലെ മുതിർന്ന ഐഎഎസ് ഓഫീസർ ആണ് . തന്റെ ജീപ്പിലിരുന്ന് ഒരുപാട് സ്വപ്നങ്ങൾ നെയ്ത് കൂട്ടിയ സുഹൃത്തുക്കൾ ഇന്ന് വൻപ്രവാസി വ്യവസായികളാണ്.



തന്റെ ജീപ്പിൽ യാത്ര ചെയ്തു പ്രബോധന രംഗത്തും പ്രഭാഷണ രംഗത്തും സംഘാടന രംഗത്തും മികവ് തെളിയിച്ച വിവിധ മത രാഷ്ട്രീയ നേതാക്കന്മാർ ഇന്ന് പാർലമെൻറ് അംഗങ്ങളും നിയമസഭാ അംഗങ്ങളും മന്ത്രിമാരും ഹജ്ജ് കമ്മിറ്റി ചെയർമാനുമൊക്കെയാണ്.
 

പാറന്നൂർ ഇബ്രാഹിം മുസ്ലിയാരുടെ വിനയാന്വിത വ്യക്തിത്വവും കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഓർമ്മശക്തിയും കർമ്മകുശലതയും അണ്ടോണ അബ്ദുള്ള മുസ്ലിയാരുടെ ആത്മീയ വ്യക്തിത്വവും സി മുഹമ്മദ് ഫൈസിയുടെ ഊർജ്ജസ്വലതയും പി വി മുഹമ്മദ് സാഹിബിന്റെ വ്യക്തി ബന്ധങ്ങൾ കാത്തു സൂക്ഷിക്കാനുള്ള കഴിവും എളമരം കരീമിന്റെ അറിവും പറയുമ്പോൾ ജയലാലേട്ടന് നൂറുനാവാണ്.

32 വർഷങ്ങൾക്കിടയിൽ ഒരുപാടുപേർ ഈ സ്റ്റാന്റിൽ വന്നും പോയും കൊണ്ടിരുന്നു.. പക്ഷേ ജയലാലേട്ടൻ ഇന്നും തന്റെജീവിതത്തിന്റെ ഭാഗമായ ജീപ്പുമായി (ഒരുപക്ഷേ അദ്ദേഹത്തിന്റെ ഒരു അവയവം തന്നെയായ)  പാലങ്ങാട് റോഡിലെ ട്രാക്കിൽ നമ്മെ കാത്തിരിക്കുന്നു.. അദ്ദേഹം മനസ്സ് തുറക്കുമ്പോൾ പാരമ്പര്യമായി അദ്ദേഹത്തിന് കിട്ടിയ ആസ്തികൾ ഇല്ലായിരുന്നെങ്കിൽ തന്റെ കൂടെ ടാക്സി സ്റ്റാൻഡിൽ സ്വപ്നങ്ങൾ നെയ്ത സഹോദരങ്ങൾ ഈ തൊഴിൽ ഉപേക്ഷിച്ചതുപോലെ താനും ഉപേക്ഷിച്ചേനെ...

നെടുവീർപ്പോടെ അദ്ദേഹം പറയുന്നു, ഇനി വയ്യ ഞാനും തൊഴിൽ ഉപേക്ഷിക്കുകയാണ് ഒരു പാട് ഓടിത്തളർന്നു. ഇന്നത്തെ കുട്ടികൾക്ക് യാതൊരു അന്തവും കുന്തവുമില്ല .യാതൊരു ട്രാഫിക് നിയമങ്ങളും പാലിക്കാതെ നേരെ വന്നു തന്റെ മുമ്പിൽ വന്ന ചീത്ത വാക്കുകൾ പറഞ്ഞുപോകുമ്പോൾ ഇനി എന്തിന് ഈ ജോലി തുടരണമെന്ന്  തോന്നിപ്പോകും. അവരറിയുന്നുണ്ടോ അവരുടെ ഉമ്മയും ഉമ്മൂമ്മയും ഉമ്മൂമ്മയുടെ ഉമ്മയും ജയലാൽ (നാട്ടുകാരുടെ ജയലൻ)എന്ന ഈ ടാക്സി ഡ്രൈവറുടെ ഇടതു ഭാഗത്തിരുന്ന് സുരക്ഷിതബോധത്തോടെ വിശ്വാസത്തോടുകൂടി അവരുടെ വീട്ടിൽ നിന്നും ആദ്യമായി ഭർത്തൃഗൃഹത്തിലേക്ക് പോയത് അരുൺ എന്നെഴുതിയ ഈ ജീപ്പിൽ ആണെന്ന്...

ബാബരി മസ്ജിദ് തകർന്ന ദിവസം ഏറെ വേദനിച്ച് വീട്ടിലിരുന്നു... പിന്നീട് പലരും നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിലും  ജീപ്പുമായി എളേറ്റിൽ സ്റ്റാന്റിലേക്ക് പോയി ട്രാക്കിൽ പിടിച്ചു.നാട്ടിൽ സംഘർഷ സാധ്യത കണക്കിലെത്ത് പലരും ആശങ്ക പ്രകടിപ്പിച്ചപ്പോഴും രണ്ടും കൈ കൊണ്ടും സ്റ്റിയറിംഗിൽ മുറുക്കെ പിടിച്ച് എന്റെ നാട്ടുകാർക്കൊന്നും സംഭവിക്കരുതേ... എന്ന പ്രാർത്ഥനയുമായി ഞാനിരുന്നു.പി.പി അബ്ദു റഹിമാൻ മാഷെ പോലെയുള്ള വലിയ ആളുകളുടെ പ്രയത്നഫലമായി എല്ലാം ശാന്തമായി. അല്ലെങ്കിലും എന്റെ നാട് അങ്ങിനെയാണ് പുറമെ കാണുമ്പോലെയല്ല... എല്ലാവരുടെ മനസിലും സൗഹൃദത്തിന്റെ തെളിനീരുറവയാണുള്ളത്
പറഞ്ഞുപോകുമ്പോൾ ഒത്തിരി പറയാനുണ്ട് പറയാത്ത കഥകളാണ് ഏറെയുള്ളത്... അതിലുമേറെ ഓടാത്ത വഴികളും.....

പാർശ്വവൽക്കരിക്കപ്പെട്ട ടാക്സിമേഖലക്ക് വേണ്ടി പറയാൻ ആരുമില്ല. ഒരു വർഷത്തേക്കുള്ള ടാക്സ് ഗവൺമെൻറുകൾ കൂട്ടിക്കൂട്ടി ഇന്ന് ഒരു സാധാരണ ടാക്സി ഡ്രൈവർക്ക് താങ്ങാവുന്നതിലും അപ്പുറം ആയി. ഓരോ വീട്ടിലും രണ്ടും മൂന്നും വാഹനങ്ങളായത് കാരണം ഓട്ടം കുറഞ്ഞു. ഇനി ഈ മേഖല ഇവിടെ നിലനിൽക്കണമെങ്കിൽ സർക്കാറുകൾ തന്നെ കനിയണം.
ഇനി എത്രനാൾ എന്നറിയില്ല ജയലാൽ ഇവിടെയുണ്ട് കൂടെ അദ്ദേഹത്തിന് പിന്തുണയുമായി ഗൾഫിലുള്ള മകനും മെഡിസിന് അഡ്മിഷൻ കിട്ടിയ മകളും തന്റെ പ്രിയതമന്റെ ജീപ്പിന്റെ ശബ്ദം കാതോർത്തിക്കുന്ന പ്രിയതമയും....




 

ഉനൈസ് എളേറ്റിൽ.
















 
Previous Post Next Post
3/TECH/col-right