Trending

കണ്ണൂര്‍ വിമാനത്താവളം:ഉദ്ഘാടനം ഡിസംബര്‍ 9ന്

കണ്ണൂര്‍:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. ഇതിന് പിറകെയാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്.



2,300 ഏക്കറിലാണ് ആധുനിക സൌകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്.നവംബര്‍ മാസം മുതല്‍ വിമാനത്താവളത്തില്‍ ആഭ്യന്തര,സര്‍വീസുകള്‍ നടത്തുന്നതിനുള്ള സാങ്കേതികാനുമതി നേരത്തെ ലഭിച്ചിരുന്നു. വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. ഈ മാസത്തിനുള്ളില്‍ തന്നെ ഈ അനുമതിയും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റ(ഐ.എല്‍.എസ്.)ത്തിന്റെ കാലിബ്രേഷന്‍ നടത്തിയതിനു പുറമെ അതുപയോഗിച്ചുള്ള പരീക്ഷണപ്പറക്കലും നേരത്തെ നടത്തിയിരുന്നു.വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാലിബറേഷന്‍ വിമാനം ഉപയോഗിച്ചുളള പരിശോധന വിജയകരമായിരുന്നു. ഇതോടെ വലിയ യാത്രാ വിമാനം ഉപയോഗിച്ചുളള പരീക്ഷണ ലാന്‍ഡിങ് നടത്തി.
 

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് വിമാനമാണ് പരീക്ഷണ പറക്കല്‍ നടത്തിയത്. ആറു തവണ താഴ്ന്നു പറന്നു പരിശോധന നടത്തിയ ശേഷമാണ് ലാന്‍ഡിങ് നടത്തിയത്. യാത്രാവിമാനം വിജയകരമായി ഇറക്കി ഫ്‌ലൈറ്റ് വാലിഡേഷന്‍ പൂര്‍ത്തിയാക്കി ഡിജിസിഎക്ക് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചത്. ലൈസന്‍സ് ലഭിച്ചെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ ചില നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതായുണ്ട്.
 
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും സര്‍വീസ് നടത്താന്‍ 11 രാജ്യാന്തര കമ്ബനികളും ആറ് ഇന്ത്യന്‍ കമ്ബനികളും സമ്മതം അറിയിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിങ്ങിന്‍റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള രാജ്യാന്തര കാര്‍ഗോ കോംപ്ലക്സ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്..

24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിങ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന്‍റെ പുറമെ നാലു ഇ-വീസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്.

ആറ് ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. ബോയിങ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം.
വാഹനപാര്‍ക്കിങ്ങിനു വിശാലമായ സൗകര്യമുണ്ട്. 700 കാറുകളും 200 ടാക്സികളും 25 ബസുകളും ഒരേസമയം പാര്‍ക്ക് ചെയ്യാം.
 
Previous Post Next Post
3/TECH/col-right