കരിപ്പൂർ:ഇറങ്ങുന്നതു പ്രഖ്യാപനങ്ങളും വാക്കുകളിലുള്ള ഉറപ്പുകളും മാത്രം.രേഖാമൂലമുള്ള നടപടികൾക്കു ചലനമില്ലാത്തതിനാൽ വലിയ വിമാനങ്ങളുടെ ലാൻഡിങ്ങിനുള്ള കാത്തിരിപ്പു നീളുന്നു. 

കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നവീകരണമെല്ലാം പൂർത്തിയായപ്പോൾ ഡിജിസിഎ സംഘം വന്നു വലിയ വിമാനങ്ങൾക്കു പച്ചക്കൊടി കാണിച്ചത് 2017 ഏപ്രിലിൽ. മുറവിളികൾക്കൊടുവിൽ സൗദി എയർലൈൻസിനു വലിയ വിമാനം ഇറക്കാൻ അനുമതി നൽകിയതു 2 മാസം മുൻപ്. പിന്നാലെ, സമ്മതവുമായി എയർ ഇന്ത്യ, എമിറേറ്റ്സ് വിമാനക്കമ്പനികളും എത്തി. വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ എന്ന രീതിയിൽ അധികൃതരുടെ പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചകളിലെ ഉറപ്പുകളും പലതവണ ഉണ്ടായി. എന്നാൽ, വലിയ വിമാനം മാത്രം വന്നില്ല.

വലിയ വിമാനങ്ങളുടെ ‘ഇ’ ശ്രേണിയിൽപ്പെട്ട ഭാരവും വലുപ്പവും കുറഞ്ഞ വിമാനങ്ങളാണു കോഴിക്കോട് വിമാനത്താവളത്തിലേക്കു നിർദേശിച്ചിട്ടുള്ളത്. അതനുസരിച്ചു സൗദി എയർലൈൻസ് എല്ലാ നടപടികളും പൂർത്തിയാക്കി കാത്തിരിക്കുന്നുണ്ട്. തിരുവനന്തപുരത്തേക്കു മാറ്റിയ സർവീസ് അവിടെ നിലനിർത്തിക്കൊണ്ടുതന്നെ കോഴിക്കോട് വിമാനത്താവളത്തിൽനിന്നു സർവീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതിക്കായി സൗദി വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ രേഖാമൂലം മറുപടി ലഭിച്ചിട്ടില്ല.


വലിയ വിമാനവുമായി എയർ ഇന്ത്യയുടെ മടങ്ങിവരവ് ഇഴഞ്ഞു നീങ്ങുകയാണ്. സമ്മർദ്ദങ്ങളെത്തുടർന്ന് എയർ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ കോഴിക്കോട്ടെത്തി പ്രാഥമിക റിപ്പോർട്ട് തയാറാക്കിയെങ്കിലും തുടർനടപടി ആയിട്ടില്ല. ഉടൻ സർവീസ് ആരംഭിക്കുമെന്ന വാഗ്ദാനം മാത്രമാണുള്ളത്.
എമിറേറ്റ്സിന്റെ കാര്യത്തിലാകട്ടെ, വേണ്ടത്ര നടപടികൾ പുരോഗമിച്ചിട്ടുമില്ല. രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും മന്ത്രാലയങ്ങളും വീണ്ടും ഇടപെടണമെന്നാണു പ്രവാസികളുടെയും കോഴിക്കോട് വിമാനത്താവള ജീവനക്കാരുടെയും  ആവശ്യം.