Trending

കണ്ണൂർ എയർപോർട്ട്:കാത്തിരിപ്പ് രണ്ടുമാസം കൂടി മാത്രം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമ ലൈസന്‍സിനു വേണ്ടിയുള്ള പരീക്ഷണപറക്കല്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിമാനം പൂര്‍ത്തിയാക്കി. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ബോയിങ് 737-800 വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന്റെ സിഗ്‌നല്‍ പരിധിക്കുള്ളില്‍ രാവിലെ 8.05 നാണ് എത്തിയത്. തുടര്‍ന്ന് റണ്‍വേയില്‍ ലാന്റ് ചെയ്യാതെ സിഗ്‌നല്‍ പരിധിക്കുള്ളില്‍ വട്ടമിട്ട് പറന്നു.


25,07 എന്നീ റണ്‍വേകള്‍ക്കു മുകളിലൂടെ മൂന്ന് വട്ടം വീതം പറന്ന് ഇന്‍സ്ട്രുമെന്റ് അപ്രോച്ച്‌ പ്രൊസീജിയറിന്റെ (ഐ.എ.പി.) കൃത്യത ഉറപ്പാക്കിയശേഷമാണ് വിമാനം കോഴിക്കോട്ടേക്ക് മടങ്ങിയത്. ഐ.എ. പി. വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍ അത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഉടന്‍ തന്നെ എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് സമര്‍പ്പിക്കും. 

സെപ്റ്റംബര്‍ മാസം രണ്ട് തവണ എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ തന്നെ യാത്രാ വിമാനം വിമാനത്താവളത്തിലിറക്കിക്കൊണ്ട് പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് നല്‍കിയാല്‍ മാത്രമേ വാണിജ്യ ലൈസന്‍സ് ലഭിക്കുകയുള്ളൂ. .

പരീക്ഷണപറക്കലിനു ശേഷം വിമാനത്താവളത്തിന്റെ സാങ്കേതിക വിവരങ്ങള്‍ അഥവാ ഏയ്‌റോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക്കേഷന്‍ നടത്താന്‍ കഴിയൂ. അന്താരാഷ്ട്ര വ്യോമയാന സംഘടന നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ എയര്‍പോര്‍ട്ട് അഥോറിറ്റിയാണ് വിമാനത്താവളം സംബന്ധിച്ച സാങ്കേതിക വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എയറോ നോട്ടിക്കല്‍ ഇഫര്‍മേഷന്‍ റഗുലേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. 

അന്താരാഷ്ട്ര വ്യോമയാന സംഘടന ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട തീയ്യതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 11 , നവംബര്‍ 8, ഡിസംബര്‍ 6, എന്നീ തീയ്യതികളില്‍ മാത്രമേ ഇത് പ്രസിദ്ധീകരിക്കാന്‍ കഴിയൂ.ഇന്ന് പരീക്ഷണപറക്കല്‍ നടന്നതിനാല്‍ ഡിസംബര്‍ 6 ന് വിവരങ്ങള്‍ പബ്ലിഷ് ചെയ്യാന്‍ കഴിയും. ഇക്കാര്യം അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര തലത്തില്‍ സുരക്ഷിതവും സുഗമവുമായ വ്യോമയാന ഗതാഗതം ഉറപ്പ് വരുത്തുന്നത്. 

ലോകത്തിലെ വൈമാനികന്മാര്‍ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനം പറത്തുന്നത്. 56 ദിവസം മുമ്ബ് എ.ഐ.എസ്. ഡാറ്റ പ്രസിദ്ധീകരിച്ചിരിക്കണം. ഈ മാസം 11 ന് ഉള്ളില്‍ ഇത് പ്രസിദ്ധീകരിച്ചാല്‍ മാത്രമേ അതിനുള്ള സാധ്യതയുള്ളൂ. വിമാനത്താവളത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. മിനുക്ക് പണികള്‍ ദിവസങ്ങള്‍ കൊണ്ട് തീരും. ഇതൊന്നും അന്തിമാനുമതിയുമായി ബന്ധവുമില്ല.

എയര്‍പോര്‍ട്ട് അഥോറിറ്റിയും ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അധികാരികളുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഇത്രയും വൈകിയത്. അതാണ് വാണിജ്യ വിമാനത്താവളമെന്ന ലൈസന്‍സ് ലഭിക്കാന്‍ നീണ്ടു പോയത്. 

ഇന്നത്തെ ഐ.എല്‍.എസ് പരീക്ഷണ പറക്കലോടെ വിമാനം ഇറങ്ങുന്നതും ഉയരുന്നതുമായ എല്ലാ നടപടിക്രമങ്ങളും അവസാനിക്കും. അതോടെ ഡിസംബര്‍ 6 ന് രാജ്യാന്തര വ്യോമയാന സംഘടന (ഐ.സി.എ. ഒ ) നിര്‍ദ്ദേശിക്കുന്ന മാനദണ്ഡമനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
Previous Post Next Post
3/TECH/col-right