Trending

വാട്‌സാപ്പ്:മാറ്റത്തിന് തയാറെടുക്കുന്നു

വാഷിംഗ്ടണ്‍:വാട്‌സാപ്പില്‍ വന്‍മാറ്റം വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. 2014 ല്‍ 150 കോടി ഡോളര്‍ നല്‍കി ഫേസ്ബുക്ക് സ്വന്തമാക്കിയ വാട്‌സാപ്പില്‍ ഉപയോക്താക്കളുടെ താല്‍പര്യമനുസരിച്ചുള്ള പരസ്യങ്ങള്‍ വന്നു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.




മറ്റു സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പരസ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ വാട്‌സാപ്പ് ഇതുവരെ പരസ്യങ്ങളില്‍നിന്ന് മുക്തമായിരുന്നു. ഇതാണ് മാറാന്‍ പോകുന്നത്.മാസം ശരാശരി 150 കോടി ഉപയോക്താക്കളുള്ള വാട്‌സാപ്പാണ് ലോകത്ത് ഏറ്റവും ജനപ്രിയവും പ്രശസ്തവുമായ ചാറ്റ് ആപ്ലിക്കേഷന്‍. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്‌സാപ്പ് ആന്‍ഡ്രോയിഡിലായാലും ഐ.ഒ.എസിലായാലും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നു.





വാട്‌സാപ്പ് ചാറ്റ് ആപ്പിന്റെ സഹ സ്ഥാപകനായ ജാന്‍ കൗം താന്‍ വാട്‌സാപ്പ് വിടുകയാണെന്നും ഫേസ്ബുക്ക് ഡയരക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെക്കുകയാണെന്നും ഈവര്‍ഷാദ്യം പ്രഖ്യാപിച്ചിരുന്നു. വാട്‌സാപ്പിനെ പരസ്യക്കാര്‍ വിഴുങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവെക്കുന്നത് അപ്പോള്‍ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
 

ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് ജാന്‍ കൗമിനോടൊപ്പം വാട്‌സാപ്പ് സ്ഥാപിച്ച ബ്രയാന്‍ ആക്ടണ്‍ ട്വീറ്റ് ചെയ്ത് മാസങ്ങള്‍ക്കുശേഷമായിരുന്നു ജാനിന്റെ രാജി പ്രഖ്യാപനം.
ഫേസ്ബുക്ക് വിടാനുള്ള കാരണം വാട്‌സാപ്പ് ഉപയോഗിച്ച് പണമുണ്ടാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണെന്ന് ഇപ്പോള്‍ ഫോബ്‌സ് മാഗസിനു നല്‍കിയ പ്രത്യക അഭിമുഖത്തില്‍ ആക്ടണ്‍ വെളിപ്പെടുത്തിയിരിക്കയാണ്. 


പ്രത്യക പരസ്യങ്ങള്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് അയക്കാനാണ് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗും മറ്റു ഡയരക്ടര്‍മാരും ആലോചിക്കുന്നതെന്ന് ആക് ടണ്‍ പറയുന്നു. പരസ്യമുക്തമായതിനാല്‍ വാട്‌സാപ്പ് ഇതുവരെ നേടിയെടുത്ത പ്രതിഛായ നഷ്ടപ്പെടുത്തുന്നതിനോട് ആക് ടണ് യോജിപ്പുണ്ടായിരുന്നില്ല.

ഉപയോക്താക്കളെ ശല്യം ചെയ്യുന്ന പരസ്യങ്ങളിലൂടെയല്ലാതെ ഉപയോക്താക്കള്‍ വന്‍തോതില്‍ സൗജന്യ മെസേജുകള്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ നാമമാത്ര ഫീ ഈടാക്കാമെന്ന നിര്‍ദേശമാണ് ആക് ടണ്‍ മുന്നോട്ടുവെച്ചിരുന്നത്.


2014 ല്‍ വാട്‌സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തപ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് വാട്‌സാപ്പില്‍നിന്ന് വരുമാനമുണ്ടാക്കാന്‍ സമ്മര്‍ദമുണ്ടാകില്ലെന്ന് ജാന്‍ കൗമിനും ആക്ടണും ഉറപ്പുനല്‍കിയിരുന്നുവെന്നും പറയുന്നു.


പരസ്യവരുമാനം ലക്ഷ്യമിട്ടുള്ള മാറ്റങ്ങള്‍ അടുത്ത വര്‍ഷം ആദ്യം ഉണ്ടാകുമെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത വര്‍ഷത്തോടെ സ്റ്റാറ്റസ് ഫീച്ചറില്‍ പരസ്യം വന്നുതുടങ്ങുമെന്നാണ് വാട്‌സാപ്പ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.
Previous Post Next Post
3/TECH/col-right