താമരശേരി: കടകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തുന്ന രണ്ടംഗ സംഘത്തെ താമരശേരി പൊലിസ് പിടികൂടി. പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് പുതുപ്പറമ്പില്‍ ഷഹനാദ് (20), കാസര്‍ക്കോട ഹോസ്ദുര്‍ഗ് നസീമ ക്വാട്ടേഴ്‌സില്‍ അലാവുദ്ദീന്‍ (44) എന്നിവരെയാണ് എസ്‌ഐ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. ഷഹനാദിനെ കക്കാട് നിന്നും അലാവുദ്ദീനെ താമരശേരി ടൗണില്‍ നിന്നും വെള്ളിയാഴ്ചയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. നാല് കവര്‍ച്ച കേസുകളിലാണ് ഇരുവരും അറസ്റ്റിലായത്.


താമരശേരി കാരാടി ഭാരത് പെട്രോള്‍ പമ്പ് ഓഫീസില്‍ മേശയുടെ മുകളിലെ ഗ്ലാസിനടിയില്‍ സൂക്ഷിച്ച 500 രൂപയും 5000 രൂപ മൂല്യമുള്ള വിദേശ കറന്‍സിയും കവര്‍ന്നത് ഷഹനാദാണെന്ന് ചോദ്യം ചെയ്യലില്‍ പൊലിസിനോട് പറഞ്ഞു. ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. ആഗസ്റ്റ 17ന് കാരാടി പുതിയ ബസ്റ്റാന്റ് പരിസരത്തെ കമ്പ്യൂട്ടര്‍ സെന്ററില്‍ നിന്ന് 20,000 രൂപയും ഒരു ലാപ്‌ടോപ്, സ്മാര്‍ട്‌ഫോണ്‍ എന്നിവ മോഷ്ടിച്ചതും ഷഹനാദാണ്.
 

കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സമീപത്തെ സ്റ്റുഡിയോയുടെ പൂട്ട് പൊളിച്ച് ക്യാമറ കവര്‍ന്ന കേസിലും സിവില്‍ സ്റ്റേഷടുത്തു തന്നെയുള്ള കടയില്‍ നിന്ന് ലാപ്‌ടോപ് കവര്‍ന്നതും ഇരുവരും ചേര്‍ന്നാണ്. മോഷണം നടത്തിയ വിദേശ കറന്‍സി ഇവരില്‍ നിന്ന് കണ്ടെടുത്തു. ലാപ്‌ടോപുകള്‍ ഇരുവരും വില്‍പ്പന നടത്തിയതായും വില്‍ക്കാന്‍ കഴിയാത്ത ക്യാമറ ഒരു ക്ലോക്ക് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു.

എസ്‌ഐ സലിം, എഎസ്‌ഐമാരായ സുരേഷ്, അനില്‍കുമാര്‍, സിപിഒമാരായ ലിനീഷ്, വിനോദ്, അര്‍ജുന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.