Trending

ഇന്ധന വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: ഇന്ധന വില പ്രതിദിനം വര്‍ധിപ്പിക്കുന്നതിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി.കെ റാവു എന്നിവരുടെ ബെഞ്ച് മുന്‍പാകെ പൊതു താല്‍പര്യ ഹരജി എത്തിയത്.




ഡല്‍ഹി സ്വദേശിയായ പൂജ മഹാജന്‍ ആണ് പരാതിക്കാരി. പെട്രോളും ഡീസലും അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇവക്ക് ന്യായവില മാത്രം ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

എണ്ണക്കമ്പനികള്‍ ഇന്ധനങ്ങള്‍ക്ക് തോന്നിയ രീതിയില്‍ വില ഈടാക്കുകയാണിപ്പോള്‍. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 22 ദിവസം എണ്ണ വില വര്‍ധിപ്പിക്കുന്നത് നിയന്ത്രിച്ചതും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അസംസ്‌കൃത എണ്ണയുടെ വര്‍ധനവാണ് വിലക്കയറ്റത്തിന് കാരണമെന്ന തെറ്റായ വിവരമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍, ക്രൂഡ് ഓയില്‍ വില കുറഞ്ഞ സമയത്തും ഇന്ത്യയില്‍ വില ഉയര്‍ത്തിയതും ഹരജിക്കാരി ചൂണ്ടിക്കാണിക്കുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ജൂലൈയിലും പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ നടപടി വൈകുന്ന സാഹചര്യത്തിലാണ് വീണ്ടും ഹരജി സമര്‍പ്പിച്ചത്
Previous Post Next Post
3/TECH/col-right