Trending

സംസ്ഥാനത്ത് മുഴുവന്‍ ഡ്രൈവിംഗ് ലൈസന്‍സുകളും അടിമുടി മാറുന്നു!

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സുകളുടെ രൂപവും ഭാവവും മാറുന്നു. ഇന്ത്യയൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സാരഥി പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നതായാണ് സൂചന. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക്ക് കാര്‍ഡുകളാക്കുന്നതായി റിപ്പോർട്ട്. 




നിലവില്‍ മൂന്നിടങ്ങളില്‍ താത്കാലികമായി പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. അത് സംസ്ഥാനമൊട്ടാകെ വ്യാപിക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിലെ  കുടപ്പനക്കുന്ന്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ,ആലപ്പുഴ എന്നീ  ആര്‍ടി ഓഫീസ് പരിധിയില്‍ പെടുന്നവര്‍ക്കാണ് നലവില്‍ ഇത്തരം ലൈസന്‍സ്  വിതരണം ചെയ്യുന്നത്. വൈകാതെ തന്നെ മറ്റിടങ്ങളിലും ഇത് ലഭ്യമായി തുടങ്ങും.

 
കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കാര്‍ഡിന്റെ ഡിസൈന്‍ പൈലറ്റ് പ്രൊജക്ടായി ചെയ്തിരിക്കുന്നത്. 12 ശതമാനം ജി.എസ്.ടി. ഉള്‍പ്പെടെ കാര്‍ഡൊന്നിന് 20.75 രൂപയാണ് ടെന്‍ഡര്‍. മറ്റു സംസ്ഥാനങ്ങളില്‍ പ്ലാസ്റ്റിക് കാര്‍ഡുകള്‍ നേരത്തേയുണ്ട്. കേരളത്തില്‍ ഇതിനായി ടെന്‍ഡര്‍ വിളിച്ചെങ്കിലും മുംബൈ ആസ്ഥാനമായ കമ്ബനി കോടതിയില്‍ പോയതിനെത്തുടര്‍ന്ന് നിലച്ചു. പുതിയ ടെന്‍ഡറുകള്‍ അടുത്തുതന്നെ ക്ഷണിക്കും. സംസ്ഥാനത്തൊട്ടൊകെ ഓരോ വര്‍ഷവും പുതിയ ഏഴുലക്ഷംപേരാണ് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നത്. നിലവില്‍ 80 ലക്ഷത്തോളം കാര്‍ഡുകള്‍ പ്ലാസ്റ്റിക് കാര്‍ഡുകളിലേക്ക് മാറേണ്ടി വരും.

മുഖ്യമായും ആറ് മാറ്റങ്ങളോടെയാണ് പുതിയ ഡ്രൈവിംഗ് ലൈസന്‍സ് അവതരിപ്പിക്കുന്നത്. ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്‌സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറു സുരക്ഷാ സംവിധാനങ്ങള്‍ കാര്‍ഡില്‍ ഉണ്ടാകും. കൂടാതെ വ്യക്തിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കാര്‍ഡിലുണ്ടാവും.


ഇളം മഞ്ഞ ,പച്ച, വയലറ്റ് നിറങ്ങള്‍ കൂടിച്ചേര്‍ന്ന നിറത്തിലുള്ള രൂപ കല്‍പ്പനയാണ് മറ്റൊരു പ്രത്യേകത. സംസ്ഥാനസര്‍ക്കാറിന്‍റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവ മുന്‍വശത്ത് കാണത്തക്ക രീതിയിലാണ് പുതിയ കാര്‍ഡിന്‍റെ രൂപകല്പന. പിറകുവശത്താണ് ക്യു.ആര്‍ കോഡ്. ഇത് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. മാത്രമല്ല, ലൈസന്‍സ് നമ്പര്‍, മോട്ടോര്‍ വാഹനവകുപ്പിന്‍റെ മുദ്ര എന്നിവയും കാര്‍ഡിന്റെ ഇരുവശങ്ങളിലും ഉണ്ടാകും.
Previous Post Next Post
3/TECH/col-right