നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു:മാതൃസഹോദരൻ അറസ്റ്റിൽ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 4 September 2018

നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു:മാതൃസഹോദരൻ അറസ്റ്റിൽ

മലപ്പുറം: പ്രസവിച്ച് മണിക്കൂറുകൾക്കകം കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. മലപ്പുറം കൂട്ടിലങ്ങാടി ചെലൂർ സ്കൂൾപ്പടിയിൽ താമസിക്കുന്ന വിളഞ്ഞിപ്പുലാൻ നബീല(29)യുടെ ആൺകുഞ്ഞാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നബീലയെയും സഹോദരൻ ശിഹാബുദ്ദീനെ(26)യും മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശിഹാബുദ്ദീന്റെ അറസ്റ്റ് രാത്രി രേഖപ്പെടുത്തുകയായിരുന്നു. നബീല പോലീസിന്റെ നിരീക്ഷണത്തിലാണ്. പൂർണവളർച്ചയെത്തിയ ആൺകുഞ്ഞിനെ പ്രസവിച്ചയുടൻ നബീലയും ശിഹാബുദ്ദീനും ചേർന്ന് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകാരണം രക്തം വാർന്നാണ് കുട്ടി മരിച്ചത്. രണ്ട് കുട്ടികളുടെ മാതാവായ നബീല വർഷങ്ങളായി ഭർത്താവുമായി വേർപിരിഞ്ഞ് ചെലൂരിലുള്ള വീട്ടിലാണ് താമസം. ഗർഭിണിയാണെന്ന വിവരം നബീല ആരെയും അറിയിച്ചിരുന്നില്ല. മാനഹാനി ഭയന്ന് പ്രസവിച്ച വിവരം മറ്റുള്ളവരിൽനിന്ന് മറച്ചുവെക്കാൻ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. 


വീടിനകത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽകേട്ട് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. വീട്ടിൽ നടത്തിയ പരിശോധനയിൽ നബീല കക്കൂസിനകത്ത് രക്തംവാർന്ന് കിടക്കുന്നതായി കണ്ടെത്തി. കൊലപ്പെടുത്തിയ കുഞ്ഞിനെ പുതപ്പിൽ കെട്ടിപ്പൊതിഞ്ഞ് മുറിക്കകത്തെ കട്ടിലിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു. 

രക്തസ്രാവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ നബീലയെ പോലീസ് കസ്റ്റഡിയിലെടുത്ത് മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മൃതദേഹം തിങ്കളാഴ്ച പത്തുമണിയോടെ മലപ്പുറം സി.ഐ എ. പ്രേംജിത്തിന്റെ നേതൃത്വത്തിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

സംഭവം നടക്കുമ്പോൾ നബീലയുടെ മാതാവും രണ്ടു മക്കളും സഹോദരൻ ശിഹാബുദ്ദീനുമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനെ കൊല്ലാനുപയോഗിച്ച കത്തി വീടിന്റെ ടെറസിൽനിന്ന് പോലീസ് കണ്ടെടുത്തു. ഫൊറൻസിക് വിദഗ്ധരെത്തി വീട്ടിൽ പരിശോധന നടത്തി. നബീലയുടെ മാതാവ് സഫിയയെയും ചോദ്യംചെയ്തുവരികയാണ്.

No comments:

Post a Comment

Post Bottom Ad

Nature