Trending

ബ്രൗൺ ഷുഗറുമായി രാജസ്ഥാൻ സ്വദേശി കുന്ദമംഗലം പോലീസിന്‍റെ പിടിയിൽ

കുന്ദമംഗലം: കേരളം, കർണാടക സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് കച്ചവടക്കാർക്ക് ബ്രൗൺ ഷുഗർ വിതരണം ചെയ്യുന്ന മയക്കുമരുന്നു മാഫിയയിലെ പ്രധാനി കണ്ണിയായ രാജസ്ഥാനിലെ പ്രതാപ് ഘട്ട് സ്വദേശി ഭരത് ലാൽ ആജ്ന (36) എന്നയാളെ വിൽപ്പനക്കായി കൊണ്ടുവന്ന 500 ഗ്രാം ബ്രൗൺ ഷുഗറുമായി കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ബിഎസ് കൈലാസ് നാഥിന്റെ നേതൃത്വത്തിൽ കുന്ദമംഗലം പോലീസും കോഴിക്കോട് സിറ്റി ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് കട്ടാങ്ങൽ എന്‍ഐടി പരിസരത്ത് നിന്നും പിടികൂടി.


ബ്രൗൺ ഷുഗറിന്റെ ഓവർഡോസ് മൂലം കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കോഴിക്കോട് ജില്ലയിൽ നാല് പേർ മരണപ്പെട്ടിരുന്നു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ  കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ് അവർകളുടെ നിർദ്ദേശപ്രകാരം കോഴിക്കോട് സിറ്റി നോർത്ത് അസി. കമ്മീഷണർ  പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് മരണപ്പെട്ടവരുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും ജില്ലയിലെ പ്രധാന ബ്രൗൺഷുഗർ ഉപയോക്താക്കളെയും ചില്ലറ വിൽപനക്കാരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ രാജസ്ഥാൻ സ്വദേശിയായ ഒരാളാണ് പ്രധാനമായും കേരളത്തിന്റെ വടക്കൻ ജില്ലകളിലെ മയക്കുമരുന്ന് മാഫിയക്ക് ബ്രൗൺഷുഗർ വലിയ അളവിൽ എത്തിച്ചു നൽകുന്നതെന്ന് മനസ്സിലാക്കിയിരുന്നു.

കോഴിക്കോടിന് പുറമെ മംഗലാപുരം, കാസർഗോഡ് ഭാഗങ്ങളിലും ഇയാളാണ് ബ്രൗൺ ഷുഗർ എത്തിച്ച് നൽകുന്നതെന്നും മാസത്തിൽ ഒരു തവണയാണ് ഇയാൾ ബ്രൗൺഷുഗറുമായി കേരളത്തിലെത്തുന്നതെന്നും മനസ്സിലാക്കിയ പോലീസ്  കഴിഞ്ഞ മാസം ഇയാൾക്കായി വലവിരിച്ചെങ്കിലും പിടികൂടാനായില്ല. ഇത്തവണ കോഴിക്കോട്ടേക്കുള്ള ബ്രൗൺ ഷുഗറുമായി ഇയാൾ രാജസ്ഥാനിൽ നിന്നും പുറപ്പെട്ടതായി വിവരം ലഭിച്ച പോലീസ് കാസർഗോഡ് ജില്ലയിൽ പ്രവേശിച്ചതു മുതൽ ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.

ഓരോ തവണ കേരളത്തിലെത്തുമ്പോഴും വ്യത്യസ്തമായ സ്ഥലങ്ങളിൽ വെച്ചാണ് ഇയാൾ ബ്രൗൺ ഷുഗർ ഇടനിലക്കാർക്ക് കൈമാറുള്ളത്. ജില്ലയിൽ പോലീസ് നടത്തിയ കൃത്യമായ ആസൂത്രണത്തിൽ ബ്രൗൺ ഷുഗറുമായി ഏത് സ്റ്റേഷൻ പരിധിയിൽ എത്തിയാലും ഇയാളെ പിടികൂടാനായി പോലീസ് തയ്യാറെടുത്തിരുന്നു.


വ്യാഴാഴ്ച പകൽ ബ്രൗൺ ഷുഗറുമായി കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ എന്‍ഐടി  പരിസരത്ത് ഇയാൾ എത്തിയതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നമംഗലം പോലീസും സിറ്റി ആന്റി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് വില്പനക്കായി കൊണ്ടുവന്ന അരക്കിലോ ബ്രൗൺഷുഗറുമായി ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
 

കുന്ദമംഗലം എസ്.ഐ ശ്രീ. കൈലാസ് നാഥിന്റെ നേതൃത്വത്തിൽ കുന്നമംഗലം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാബു പുതുശ്ശേരി, ഹോം ഗാർഡ് മോഹനൻ ഡൻസാഫ് അംഗങ്ങളായ മുഹമ്മത് ഷാഫി.എം, സജി.എം, അഖിലേഷ്.പി, ജോമോൻ.കെ.എ, നവീൻ.എൻ,  രജിത്ത് ചന്ദ്രൻ, ജിനേഷ്.എം, സുമേഷ്.എ.വി, സോജി.പി എന്നിവരുൾപ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നാളെ  കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കും.
Previous Post Next Post
3/TECH/col-right