Trending

സ്വര്‍ണക്കടത്തുകാരെ ഡി.ആര്‍.ഐ തിരിച്ചറിഞ്ഞു:മിശ്രിതം വേര്‍തിരിക്കുന്ന കേന്ദ്രം കണ്ടെത്തി.

കോഴിക്കോട്: മിശ്രിത രൂപത്തില്‍ വിദേശങ്ങളില്‍ നിന്ന് കടത്തിയ സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന രഹസ്യകേന്ദ്രം കണ്ടെത്താനായതോടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് (ഡി.ആര്‍.എെ) ലഭിച്ചത് സ്വര്‍ണക്കടത്തുകാരെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍. കഴിഞ്ഞ മാസം ആദ്യവാരമാണ് കോഴിക്കോട് ഓമശേരി നീലേശ്വരത്ത് നസീം എന്നയാളുടെ വീട്ടില്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന രഹസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി ഡി.ആര്‍.ഐക്ക് രഹസ്യവിവരം ലഭിക്കുന്നത്. കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ സമീപിച്ചവരുടെ പേരുവിവരങ്ങള്‍ അടങ്ങുന്ന രജിസ്റ്റര്‍ ഡി.ആര്‍.ഐ പിടിച്ചെടുത്തിരുന്നു. ഇവരെ പൊക്കാന്‍ ശ്രമം തുടങ്ങിയതോടെ പലരും വിദേശത്തേക്ക് മുങ്ങിയതായാണ് അറിയുന്നത്.



ചിലര്‍ മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിക്കുമെന്ന സൂചനയും ഡി.ആര്‍.ഐക്ക് ലഭിച്ചിട്ടുണ്ട്. അടിവസ്ത്രങ്ങളിലും അരപ്പട്ടകളിലും ഒളിപ്പിച്ചുകൊണ്ടുവരുന്ന മിശ്രിത രൂപത്തിലുള്ള സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനായി ഒരു വര്‍ഷം മുമ്ബാണ് നസീമും സഹോദരന്‍ തഹീമും കേന്ദ്രമാരംഭിച്ചത്. ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ കാഴ്ചകള്‍ കണ്ട് ഞെട്ടിപ്പോയിരുന്നു.

സ്വര്‍ണം കടത്തിയ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം തന്നെയാണ് ഇവിടെ നിന്ന് കണ്ടെടുക്കാനായത്. കസ്റ്റംസ് അധികൃതര്‍ സ്വര്‍ണക്കട്ടികള്‍ വ്യാപകമായി പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെയാണ് കുഴമ്ബുരൂപത്തിലുള്ള സ്വര്‍ണം കടത്തിക്കൊണ്ടുവരാനായി ഉപയോഗിക്കാന്‍ തുടങ്ങിയത്. പൊടിരൂപത്തിലോ ലായിനി രൂപത്തിലോ ആക്കിയ ശേഷം തിരിച്ചറിയാന്‍ കഴിയാത്ത വിധം മറ്റ് വസ്തുക്കളുമായി കലര്‍ത്തുകയാണ് ചെയ്യുന്നത്.

സ്വര്‍ണമിശ്രിതം നിറച്ച തുണി നിര്‍മ്മിത ബെല്‍റ്റോ അടിവസ്ത്രമോ ധരിച്ച്‌ കടത്തുകാര്‍ വിമാനം കയറിവരികയാണ് ചെയ്യുന്നത്. രഹസ്യ അറകളോട് കൂടിയ നൂറിലധികം അടിവസ്ത്രങ്ങളും വിവിധ തരം ബെല്‍റ്റുകളും രഹസ്യ കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി. സ്വര്‍ണം പൊടിച്ച്‌ മിശ്രിത രൂപത്തിലാക്കാന്‍ കള്ളക്കടത്ത് സംഘത്തിന് ദുബായിയില്‍ പ്രത്യേക സ്ഥാപനം തന്നെയുണ്ടെന്നാണ് പറയുന്നത്. ഇങ്ങനെ മിശ്രിത രൂപത്തിലാക്കി കൊണ്ടുവരുന്ന സ്വര്‍ണം പ്രത്യേക രാസപ്രവര്‍ത്തനത്തിലൂടെയാണ് വേര്‍തിരിച്ചെടുക്കുന്നത്. സ്വര്‍ണ്ണം ഉരുക്കാനുപയോഗിക്കുന്ന അഞ്ച് ഇലക്‌ട്രിക് ഫര്‍ണസുകളും മൂശകളും അനുബന്ധ ഉപകരണങ്ങളുമാണ് രഹസ്യകേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തത്. 75ഗ്രാം തങ്കവും ഇവിടെ കണ്ടെത്തി.


രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്രറില്‍ കഴിഞ്ഞ എട്ടുമാസത്തിനിടെ 570 കിലോഗ്രാം സ്വര്‍ണ്ണം ഉരുക്കി നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കിലോ മിശ്രിതരൂപത്തിലുള്ള സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഇവര്‍ 4000 രൂപയാണ് കൂലിയായി ഈടാക്കിയിരുന്നത്. എന്നാല്‍ 570ല്‍ കൂടുതല്‍ സ്വര്‍ണം ഉരുക്കിയിരിക്കാമെന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 30 കിലോയോളം സ്വര്‍ണം തങ്ങള്‍ വിദേശത്ത് നിന്ന് കടത്തിയിട്ടുണ്ടെന്നും നസീമും തഹീമും മൊഴി നല്കി. 

സ്വര്‍ണക്കടത്തുകാരുടെ വിവരങ്ങള്‍ ലഭിച്ചതോടെ പലര്‍ക്കും ഡി.ആര്‍.ഐ ഹാജരാകാന്‍ നോട്ടീസ് നല്കിയിട്ടുണ്ട്. കൊടുവള്ളി കേന്ദ്രീകരിച്ച്‌ സ്വര്‍ണക്കടത്ത് നടത്തുന്നവരുടെ പേരുകളാണ് ഇതില്‍ കൂടുതലെന്നാണ് വിവരം. ഇവര്‍ക്കായാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും പറയുന്നു.
സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചു കടത്തുന്നവര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് കുഴമ്ബുരൂപത്തിലുള്ള സ്വര്‍ണം. ഇത്തരത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം എക്‌സറേ പരിശോധനയിലോ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയിലോ കണ്ടെത്താന്‍ കഴിയില്ല.


അടുത്തിടെ ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെല്ലാം മിശ്രിത രൂപത്തിലുള്ള സ്വര്‍ണം പിടികൂടിയിട്ടുണ്ട്. കുറച്ചുകാലം മുമ്ബ് കൊച്ചിയില്‍ ഏഴുകിലോ സ്വര്‍ണമിശ്രതം കസ്റ്റംസ് പിടികൂടി വേര്‍തിരിച്ചെടുത്തപ്പോള്‍ 4.9 കിലോയോളം സ്വര്‍ണം കിട്ടിയിരുന്നു. 

സംശയാസ്പദമായ യാത്രക്കാരെ പിടികൂടി പരിശോധനയ്ക്ക് വിധേയമാ ക്കുമ്ബോള്‍ മാത്രമാണ് ഇത്തരം മിശ്രിത സ്വര്‍ണം പിടികൂടാനാകുന്നത്. പിടികൂടിയാലും കടത്തുകാര്‍ക്ക് സ്വര്‍ണം എവിടെ നിന്നാണെന്നോ എവിടേക്കാണെന്നോ ഉള്ള വിവരങ്ങളെക്കുറിച്ചൊന്നും അറിവുണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ രഹസ്യകേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാകുമെന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ കരുതുന്നത്.
Previous Post Next Post
3/TECH/col-right