വരാൻ വൈകുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ‘മൂക്കുകയര്‍’ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 27 September 2018

വരാൻ വൈകുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ‘മൂക്കുകയര്‍’

തിരുവനന്തപുരം:സെക്രട്ടേറിയറ്റില്‍ ജോലിക്കു വരാൻ വൈകുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാരിന്റെ ‘മൂക്കുകയര്‍’. പഞ്ചിങ് സംവിധാനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ശമ്പള അക്കൗണ്ടിനെ പഞ്ചിങ് റിപ്പോര്‍ട്ടുമായി ബന്ധിപ്പിച്ച് പൊതുഭരണവകുപ്പിന്റെ ഉത്തരവിറങ്ങി. ജോലിക്ക് താമസിച്ചുവരുന്നവരുടെയും നേരത്തെ പോകുന്നവരുടേയും ശമ്പളം അക്കൗണ്ടില്‍നിന്ന് കുറയും.

 ജോലിക്ക് വൈകി വരുന്ന ജീവനക്കാര്‍ക്ക് താക്കീത് നല്‍കി ഉത്തരവുകള്‍ ഇറങ്ങിയിരുന്നെങ്കിലും പഞ്ചിങ് സംവിധാനത്തെ ശമ്പളവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. വൈകിവരുന്ന ജീവനക്കാര്‍ മേലുദ്യോഗസ്ഥരുടെ സഹായത്തോടെ ഹാജര്‍ പുസ്തകത്തില്‍ ക്രമീകരണങ്ങള്‍ വരുത്തുകയായിരുന്നു പതിവ്. പൊതുഭരണവകുപ്പിന്റെ ഉത്തരവോടെ ഇനി ഇത്തരം മാറ്റങ്ങള്‍ക്ക് സാധിക്കില്ല.


2018 ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ഹാജർ പ്രശ്നങ്ങള്‍ അടുത്ത മാസം പതിനഞ്ചിനകം സ്പാര്‍ക്ക് സംവിധാനത്തിലൂടെ ക്രമീകരിക്കാനാണ് നല്‍കിയ നിര്‍ദേശം. ശമ്പളം പിടിക്കില്ലെന്ന ധാരണയില്‍ സ്ഥിരമായി വൈകി എത്തുകയും അവധി എടുത്തു തീര്‍ക്കുകയും ചെയ്ത ജീവനക്കാര്‍ ഇതോടെ വെട്ടിലായി. രേഖകള്‍ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണിവര്‍. ആവശ്യത്തിന് ലീവുള്ള എന്നാല്‍ ഹാജര്‍ കൃത്യമല്ലാത്ത ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടപ്പെടാതിരിക്കാന്‍ പകരം അവധികൾ സമര്‍പ്പിക്കേണ്ടിവരും. ജനുവരി മുതലുള്ള അവധി  ജീവനക്കാര്‍ സമര്‍പ്പിക്കുമ്പോള്‍ സര്‍ക്കാരിന് അത് സാമ്പത്തികമായി നേട്ടമാണ്. 
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബിൽ തയാറാകുന്നത് മുന്‍ മാസം 16 മുതല്‍ ആ മാസം 15 വരെയുള്ള ഹാജര്‍നിലയുടെ അടിസ്ഥാനത്തിലാണ്. രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15വരെയാണ് ജോലി സമയം. ജോലിക്ക് ഹാജരാകാന്‍ രാവിലെ 10.20 വരെ ഇളവ് നല്‍കിയിട്ടുണ്ട്. ഒരുമാസം 150 മിനിറ്റാണ് ഇത്തരത്തിൽ പരമാവധി ഇളവ്. വര്‍ഷത്തില്‍  20 കാഷ്വല്‍ ലീവും 33 കമ്മ്യൂട്ടഡ് ലീവുമാണ് (സറണ്ടര്‍ ചെയ്യാന്‍ കഴിയുന്ന ആര്‍ജിത അവധി) ജീവനക്കാര്‍ക്കുള്ളത്. കമ്മ്യൂട്ടഡ് ലീവില്‍ 30 എണ്ണം സറണ്ടര്‍ ചെയ്തു പണം വാങ്ങാം. വിരമിക്കുന്ന സമയം അവധി ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ക്ക് 300 ലീവ് വരെ സറണ്ടര്‍ ചെയ്യാം. ഇതിനു പുറമേ 10 ദിവസത്തെ ഏണ്‍ഡ് ലീവും ജീവനക്കാര്‍ക്കുണ്ട്. അവധി ദിവസങ്ങളില്‍ ജോലി ചെയ്താല്‍ പകരം അവധിയും ലഭിക്കും. 


ജീവനക്കാര്‍ ഹാജര്‍ ക്രമീകരിച്ചില്ലെങ്കില്‍ ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം നഷ്ടമാകുമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ പറയുന്നു. ഹാജര്‍നില ഉറപ്പുവരുത്തേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണ്. ശമ്പളബില്‍ തയാറാക്കുന്ന ഉദ്യോഗസ്ഥര്‍ ഹാജരില്ലാത്ത ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കണം. അറിയിപ്പ് ലഭിച്ച് മൂന്നു ദിവസത്തിനകം അവധി ക്രമീകരിക്കുന്നതിന് ജീവനക്കാരന്‍ അപേക്ഷ നല്‍കണം. ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ ശമ്പള ബില്‍ തയാറാക്കുന്ന 22, 23 തീയതികള്‍ക്കുള്ളിൽ അപേക്ഷയില്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

No comments:

Post a Comment

Post Bottom Ad

Nature