Trending

"ആയുഷ്മാൻ ഭാരത്":കേരളത്തിൽ നടപ്പാക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ പ്രശ്നങ്ങൾ പരിഹരിച്ചശേഷം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതേക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാ‍ൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്ട്) ഡയറക്ടർ ഡോ. ഡി.നാരായണയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് ഒക്ടോബർ അവസാനം സമർപ്പിക്കും. അതിനുശേഷം കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടും.



കേരളത്തിൽ 10 വർഷമായി തുടരുന്ന ആർഎസ്ബിവൈ, ചിസ് ഇൻഷുറൻസിന്റെ കാലാവധി മാർച്ചിലാണ് അവസാനിക്കുന്നത്. ഈ സമയത്തിനകം ആയുഷ്മാൻ ഭാരതിനുവേണ്ടി ഇൻഷുറൻസ് കമ്പനികളെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. കേന്ദ്ര സർക്കാർ അഞ്ചു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണു വാഗ്ദാനം ചെയ്യുന്നത്. കേരളത്തിൽ ഇതു രണ്ടു ലക്ഷം രൂപയാക്കും. ഉയർന്ന തുക ഉണ്ടെങ്കിൽ സ്വകാര്യ ആശുപത്രികൾ ചികിത്സാച്ചെലവ് ഉയർത്തും. അനാവശ്യ പരിശോധനകൾക്കും ചികിത്സകൾക്കും സാധ്യതയുണ്ട്.

സർക്കാരിന്റെ കണക്കനുസരിച്ചു സംസ്ഥാനത്തു വർഷം ശരാശരി രണ്ടു ശതമാനം ആളുകൾക്കു മാത്രമേ രണ്ടു ലക്ഷത്തിനുമേൽ ചികിത്സാച്ചെലവു വരുന്നുള്ളൂ. ഇത്തരം രോഗികൾക്കു രണ്ടു ലക്ഷത്തിൽ കൂടുതൽ ചെലവാകുന്ന തുക സർക്കാർ നേരിട്ട് ആശുപത്രികൾക്കു നൽകും. സംസ്ഥാനത്ത് ഇപ്പോൾ 41 ലക്ഷം കുടുംബങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ട്. കേന്ദ്ര മാനദണ്ഡപ്രകാരം കേരളത്തിൽ 18.5 ലക്ഷം കുടുംബങ്ങൾക്കു മാത്രമേ പരിരക്ഷ ലഭിക്കൂ.

ഓരോ ചികിൽസയ്ക്കും നിരക്കു കണക്കാക്കും

കേന്ദ്രം 1351 ചികിത്സകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പ്രത്യേകകളും ചികിത്സാസൗകര്യങ്ങളും വെവ്വേറെ വിലയിരുത്തിയിട്ടില്ല. അതിനാലാണു കേരള സാഹചര്യത്തിൽ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു പഠനം നടത്തുന്നത്. കേരളത്തിലെ ചില ചികിത്സകൾക്കു കേന്ദ്രം നിർദേശിച്ചിരിക്കുന്ന തുക മതിയാകില്ല. മറ്റു ചിലതാകട്ടെ കേരളത്തിലെ നിരക്കിനേക്കാൾ ഏറെ ഉയർന്നതും. ഓരോ ചികിത്സയ്ക്കും നിരക്കു കണക്കാക്കുന്ന ജോലിയിലാണു സമിതി അംഗങ്ങൾ.
Previous Post Next Post
3/TECH/col-right