Trending

കെ.എസ്.ആര്‍.ടി.സി സമരം ഹൈക്കോടതി സ്‌റ്റേ ചെയ്തു:വിധി തച്ചങ്കരിയുടെ ഹര്‍ജിയില്‍

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം ഹൈക്കോടതി സ്‌റ്റേ ചെയ്തു. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയുടെ ഹര്‍ജിയിലാണ് സ്‌റ്റേ. ഒക്ടോബര്‍ 2നാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരുന്നത്. തൊഴിലാളി സമരത്തില്‍ കോടതി ഇടപെടുന്നത് അപൂര്‍വമാണ്.




കെ.എസ്.ആര്‍.ടി.സി ആവശ്യ സര്‍വീസാണ് എന്ന് നിരീക്ഷിച്ച കോടതി സമരം പ്രഖ്യാപിക്കുമ്പോള്‍ ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്കുള്ള സമയം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സമയം നല്‍കാന്‍ സമരക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സമരം സ്റ്റേ ചെയ്ത് കോടതി ഉത്തരവിറക്കിയത്.

ഇത് ഇടക്കാല ഉത്തരവാണ്. ഈ ഉത്തരവിന്മേല്‍ കൂടുതല്‍ വാദം കേട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. സമരത്തിനെതിരെ എസ്മ പുറപ്പെടുവിക്കണം എന്ന ആവശ്യമുള്‍പ്പടെയുള്ള ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്.

ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് റദ്ദാക്കലും അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണവും പിന്‍വലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ഇടക്കാലാശ്വാസം പ്രഖ്യാപിക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Previous Post Next Post
3/TECH/col-right