Trending

പെരിങ്ങളത്തെ മില്‍മ പ്ലാന്റില്‍ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കിവിട്ടതില്‍ സംഘര്‍ഷം

കുന്ദമംഗലം:പെരിങ്ങളത്തെ മില്‍മ പ്ലാന്റില്‍ നിന്ന് മാലിന്യം പുറത്തേക്ക് ഒഴുക്കിവിട്ടത് സംഘര്‍ഷത്തിന് ഇടയാക്കി. ഇന്ന് ഉച്ചയോടെയാണ് പെരിങ്ങളത്തെ മില്‍മ പ്ലാന്റില്‍ നിന്ന് കുരിക്കത്തൂര്‍ റോഡിനടിയിലൂടെയുള്ള തോട്ടിലൂടെ മാലിന്യം ഒഴുക്കി വിട്ടത്. മാലിന്യം തോട്ടിലും സമീപത്തെ വയലിലും പരന്നതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി. തോട്ടില്‍ നിന്ന് മാലിന്യം ശേഖരിച്ച് മില്‍മയുടെ ഓഫീസില്‍ കൊണ്ടുപോയി ഒഴിച്ചു.



കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി നാട്ടുകാരോടും മില്‍മ അധികൃതരോടും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇന്ന് തന്നെ മാലിന്യം എടുത്തുമാറ്റാന്‍ നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്. 


മാലിന്യം ഒഴുക്കി വിടുന്ന വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 

https://www.youtube.com/watch?v=fyzJfja2mnM&feature=youtu.be

ഒഴയാടി ഭാഗത്ത് നിന്ന് ഒഴുകി വരുന്ന ഈ തോട് മില്‍മയുടെ സ്ഥലത്തൂടെയാണ് കുറ്റിക്കാട്ടൂര്‍ തോട്ടില്‍ എത്തി ചേരുന്നത്. കുറ്റിക്കാട്ടൂര്‍ തോട്ടില്‍ എത്തുന്ന ഈ മാലിന്യം നൂറുക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന മാമ്പുഴയിലാണ് എത്തിച്ചേരുക. മാലിന്യ സംസ്‌കരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രഥമ പരിഗണന നല്‍കി വരുമ്പോഴാണ് മില്‍മയുടെ അനാസ്ഥ കാരണം മാലിന്യം പുറത്തേക്ക് ഒഴുക്കിയത്. 

മില്‍മയില്‍ നിന്ന് ഇത്തരത്തില്‍ പലതവണ ഒഴുക്കി വിടാറുണ്ടെന്നും മാലിന്യം ഒഴുക്കി വിട്ടതോടെ ഈ തോടിന് സമീപമുള്ള വയലില്‍ കൃഷി പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു.  

ശുചീകരണ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയതാണ് പ്രശനത്തിന് ഇടയാക്കിയതെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ തല്‍ക്കാലം ബണ്ട് കെട്ടി മാലിന്യം പുറത്തേക്ക് ഒഴുകുന്നത് തടഞ്ഞിട്ടുണ്ട്. ഇന്ന് തന്നെ മാലിന്യം എടുത്തുമാറ്റുമെന്നും മില്‍മ അധികൃതര്‍ പറഞ്ഞു. ഇന്ന് മാലിന്യം പൂര്‍ണ്ണമായും എടുത്തുമാറ്റിയില്ലെങ്കില്‍ മില്‍മക്ക് മുമ്പില്‍ പ്രക്ഷോഭ സമരം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Previous Post Next Post
3/TECH/col-right