Trending

ലോകം നാശത്തിന്റെ വക്കിൽ; തിരികെ പിടിക്കാൻ വെറും 17 വർഷം!


അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തിന്റെ ഞെട്ടലിലാണ് ലോകം. ഇന്നേവരെയില്ലാത്ത വിധമാണ് കൊടുംചൂടും വരൾച്ചയും വെള്ളപ്പൊക്കവുമെല്ലാം  ജനത്തെ ദുരിതത്തിലാഴ്ത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ഇനിയെങ്കിലും ചിന്തിച്ചു തുടങ്ങണമെന്ന സൂചനയാണ് ഇവയെല്ലാം നൽകുന്നത്. ഈ മുന്നറിയിപ്പ് നേരത്തേത്തന്നെ കാലാവസ്ഥാ ഗവേഷകർ നൽകിയതുമാണ്. അധികകാലം അങ്ങനെ പറയേണ്ടി വരില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

രണ്ടു ദശാബ്ദത്തിനകം ആഗോള താപനത്തെ ഫലപ്രദമായി പിടിച്ചു നിർത്താനായില്ലെങ്കിൽ പിന്നീടൊരിക്കലും അക്കാര്യത്തെപ്പറ്റി ആലോചിക്കുകയേ വേണ്ടെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. പരമാവധി 2035, അതിനോടകം ആഗോളപതാപനത്തിന്റെ തോത് ഗണ്യമായി കുറച്ചേ മതിയാകൂ. ഇതിനു ശേഷം എന്തൊക്കെ ചെയ്താലും കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുള്ള ദുരന്തങ്ങളിൽ നിന്നു രക്ഷപ്പെടാൻ യാതൊരു വഴിയുമുണ്ടാകില്ലെന്നും ഗവേഷകർ പറയുന്നു. കൊടുംചൂടുമായി തീക്കാറ്റും പിന്നെ വെള്ളപ്പൊക്കവുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മാരകമായ ദൂഷ്യഫലങ്ങളെന്നും മുന്നറിയിപ്പുണ്ട്. 


പാരിസിൽ ഒപ്പിട്ട ലോക കാലാവസ്ഥാ ഉടമ്പടി പ്രകാരം 2100 ആകുമ്പോഴേക്കും ആഗോളതാപനം രണ്ടു ഡിഗ്രി സെൽഷ്യസിനു താഴേക്ക് എത്തിക്കണമെന്നാണ്. ഇതുൾപ്പെടെയുള്ള എല്ലാ ലക്ഷ്യങ്ങളിലേക്കും എത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഒട്ടും അമാന്തം വേണ്ടെന്നും  ഹോളണ്ടിലെ യുട്രാക്ട് സെന്റർ ഫോർ കോംപ്ലക്സ് സിസ്റ്റംസ് സ്റ്റഡീസും ഓക്സ്ഫഡ് സർവകലാശാലയും സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനമാണ് ആഗോളതാപനത്തിനുള്ള ഏറ്റവും വലിയ കാരണം. ഇവ പിടിച്ചു നിർത്തുന്നതിന് പാരിസ് ഉടമ്പടിയിൽ ഓരോ രാജ്യവും പ്രതിജ്ഞ ചെയ്തതുമാണ്. ആ പ്രതിജ്ഞ പാലിക്കാനുള്ള പരമാവധി സമയമാണ് 2035 എന്നും ഗവേഷകർ പറയുന്നു.

ആഗോളതാപനത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയും, എത്രമാത്രം അടിയന്തരമാണു വിഷയമെന്നു മനസ്സിലാക്കിക്കൊടുക്കുകയുമാണ് പഠനത്തിലൂടെ ചെയ്തതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ മാത്തിയാസ് യേഗിൻഹെയ്സ്റ്റർ പറയുന്നു. വിവിധ കാലാവസ്ഥാ മോഡലുകൾ വിലയിരുത്തിയായിരുന്നു ഗവേഷണം. ആഗോളതാപനത്തിന്റെ തോത് രണ്ട് ഡിഗ്രിയിൽ താഴെയെങ്കിലും എത്തിക്കാനുള്ള പരമാവധി സമയം 2100 ആണ്. പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്കു വേണം ഇനി ശ്രദ്ധയൂന്നാൻ. ലോകത്തെ ആകെ ഊർജോൽപാദനത്തിന്റെ  രണ്ടു ശതമാനമെങ്കിലും പ്രതിവർഷവും പുനരുപയോഗിക്കാവുന്ന ഊർജമായിരിക്കണം. അങ്ങനെയെങ്കിൽ 2035ഓടെ ആഗോളതാപനത്തെ കുറയ്ക്കുകയെന്ന ലക്ഷ്യം നേടാം.

വാഹനങ്ങൾ, വീടുകൾ, വ്യവസായശാലകൾ എന്നിവിടങ്ങളിൽ നിന്ന് കാർബൺ ബഹിർഗമനം കുറയ്ക്കാനും നടപടികളുണ്ടാകണം. അല്ലെങ്കിൽ പാരിസ് ഉടമ്പടിയെയും അത് ബാധിക്കും. ഉടമ്പടി പ്രകാരം 2100 ആകുമ്പോഴേക്കും രണ്ടു ഡിഗ്രി സെൽഷ്യസിനു താഴെ ആഗോളതാപന തോത് എത്തിക്കണമെന്നാണ്.


എന്നാൽ 2035നകം അടിയന്തര നടപടിയെടുത്തില്ലെങ്കിൽ പിന്നെ പാരിസ് ഉടമ്പടിയെപ്പറ്റി ആലോചിക്കുക പോലും വേണ്ടെന്നും ഗവേഷകർ പറയുന്നു. 1.5 ഡിഗ്രി സെൽഷ്യസിലേക്ക് ആഗോളതാപനത്തിന്റെ തോത് താഴ്ത്തുകയെന്ന ലക്ഷ്യം ഇനി നടപ്പാകില്ല. ആ വിധത്തിൽ കാലാവസ്ഥയ്ക്കു നാം പരുക്കേൽപ്പിച്ചു കഴിഞ്ഞതായി യൂറോപ്യന്‍ ജിയോ സയൻസസ് യൂണിയൻ ജേണൽ എർത്ത് സിസ്റ്റം ഡൈമാനിക്സ് റിപ്പോർട്ട് പറയുന്നു. ഇനിയും മടിച്ചു നിൽക്കരുതെന്നു ചുരുക്കം.
Previous Post Next Post
3/TECH/col-right