Trending

സൗമ്യയുടെ ജീവിതാന്ത്യം

തലശ്ശേരി: ആരെയും അമ്പരപ്പിക്കും വിധം തികച്ചും നാടകീയവും അവിശ്വസനീയവുമായിരുന്നു പിണറായി പടന്നക്കരയിലെ വണ്ണത്താന്‍കണ്ടി സൗമ്യയുടെ ജീവിതവും അന്ത്യവും. ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട ശേഷം പലരുമായും അവിഹിത ബന്ധത്തിലേര്‍പ്പെട്ട യുവതി ഇതിനു തടസ്സം നില്‍ക്കുമെന്നു കരുതിയവരെയെല്ലാം ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മെല്ലെ മരണത്തിലേക്ക് തള്ളിവിട്ട ശേഷം പിടിക്കപ്പെട്ടപ്പോള്‍ എല്ലാം തുറന്നുപറഞ്ഞു.


ഒടുവില്‍ ജീവിതം ജയിലഴിക്കുള്ളിലായപ്പോഴും മരണത്തെ മാടിവിളിച്ച് കണ്ണൂര്‍ വനിതാ സബ് ജയില്‍ കോംപൗണ്ടിലെ കശുമാവിന്‍ കൊമ്പില്‍ ഒരു സാരിത്തുമ്പില്‍ എല്ലാം അവസാനിപ്പിച്ചു. കുടുംബബന്ധത്തിലെ പാളിച്ചകളും ചതിക്കുഴികളും ദുരൂഹതകളുമെല്ലാം നിറഞ്ഞ ജീവിത യൗവ്വനം ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് മടങ്ങുന്നത്. കണ്ണൂര്‍ വനിതാ സബ് ജയിലില്‍ ഇന്നലെ രാവിലെ 10ഓടെയാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ പരിസരത്തെ കശുമാവില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു. പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സൗമ്യ ജയിലില്‍ കഴിയുന്നത്.


സ്വാഭാവിക മരണമെന്നു കരുതിയ മൂന്നുമരണങ്ങള്‍ ആസൂത്രിത കൂട്ടക്കൊലയായിരുന്നുവെന്ന് വെളിച്ചത്തു കൊണ്ടുവന്നത് നാട്ടുകാരുടെ നേരിയ സംശയമായിരുന്നു. എന്നാല്‍ കുടിവെള്ളത്തിലെ പ്രശ്‌നമാണെന്ന് ധരിപ്പിച്ച് വെള്ളത്തിന്റെ സാംപിള്‍ വരെ പരിശോധനയ്ക്ക് അയച്ച് വിശ്വസിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു. വീട്ടിലെ കിണര്‍വെള്ളത്തില്‍ വിഷാംശം ഉണ്ടെന്നായിരുന്നു സൗമ്യയുടെ പ്രചാരണം. പക്ഷേ, വിദഗ്ധസംഘത്തിന്റെ പരിശോധനയില്‍ പ്രശ്‌നമൊന്നും ഇല്ലെന്ന് കണ്ടെത്തി.
കുടുംബത്തിലെ മൂന്നുപേരും ദുരൂഹസാഹചര്യത്തില്‍ വിവിധ ആശുപത്രികളിലാണ് മരിച്ചത്. ഇവര്‍ക്കെല്ലാം കൂട്ടിരിപ്പായി സൗമ്യയാണുണ്ടായിരുന്നത്. 


മാതാപിതാക്കളെയും മകളെയും എലിവിഷം നല്‍കി കൊന്നശേഷം ഛര്‍ദ്ദി അഭിനയിച്ച് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടിയതോടെയാണ് കുരുക്ക് മുറുകിയത്. ഒടുവില്‍ എല്ലാവരെയും കൊലപ്പെടുത്തിയത് താനാണെന്നു പോലിസിനോടു സൗമ്യ സമ്മതിക്കുകയായിരുന്നു. നാല് മാസത്തിനുള്ളില്‍ ഒരു വീട്ടിലെ മൂന്നുപേരും ഒരേ രോഗലക്ഷണത്താല്‍ മരണപ്പെടുന്നു. സൗമ്യ മാത്രം ബാക്കിയായി. അപൂര്‍വരോഗമായിരിക്കും മൂന്നുപേരുടെയും മരണത്തിന് കാരണമെന്ന സംശയം പിന്നീടാണ് കൊലപാതകമാണെന്നു വ്യക്തമായത്. കാമുകനുമായി ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹത്തിനുമുന്നില്‍ സ്വന്തം മകളും മാതാപിതാക്കളും തടസമാകുമെന്ന് കണ്ടപ്പോള്‍ ഇവരെ ഇല്ലാതാക്കിയെന്നാണു പോലിസ് റിമാന്‍ഡ് റിപോര്‍ട്ട്. 

എലിവിഷത്തില്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫൈഡാണ് ഭക്ഷണത്തില്‍ കലര്‍ത്തിക്കെുടുത്തത്. 2012 സപ്തംബറില്‍ സൗമ്യയുടെ ഇളയമകള്‍ കീര്‍ത്തന കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പിന്നീട് ആറുവര്‍ഷങ്ങള്‍ക്ക് ശേഷം 2018 ജനുവരിയില്‍ മൂത്തമകള്‍ ഐശ്വര്യയെയും ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയ്ക്കിടെ മംഗളൂരുവിലെ ആശുപത്രിയില്‍ ഐശ്വര്യ മരണപ്പെട്ടു. ഇതിനുപിന്നാലെയാണ് 2018 മാര്‍ച്ചില്‍ സൗമ്യയുടെ മാതാവ് കമലയെയും സമാനരോഗങ്ങളോടെ ആശുപത്രിയിലെത്തിച്ചത്. മൂന്നുദിവസത്തിന് ശേഷം കമലയും മരണപ്പെട്ടു. രണ്ട് മരണങ്ങളുടെ ഞെട്ടലില്‍ നിന്ന് മോചിതരാവും മുമ്പ് 2018 ഏപ്രിലില്‍ സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും മരണപ്പെട്ടു. ഇതോടെയാണ് പിണറായിയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് നാട്ടുകാരില്‍ സംശയം ജനിച്ചത്.

സൗമ്യ അഞ്ച് മൊബൈല്‍ഫോണുകള്‍ ഉപയോഗിച്ചിരുന്നു. ഇവയിലെ വിവരങ്ങള്‍ കണ്ടെത്താന്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തി. ഫോണ്‍ സംഭാഷണം, സന്ദേശങ്ങള്‍, വീഡിയോ സന്ദേശങ്ങള്‍ എന്നിവ പ്രത്യേകം പെന്‍െ്രെഡവിലാക്കി പോലിസ് വിശദമായി പരിശോധിച്ചു. കേസില്‍ 55 സാക്ഷികളുടെ മൊഴിയാണ് പോലിസ് രേഖപ്പെടുത്തിയത്. തലശ്ശേരി, കോഴിക്കോട്, മംഗളൂരു ആശുപത്രികളിലെ ചികില്‍സാരേഖകളും പോലിസ് ശേഖരിച്ചിരുന്നു.സിനിമാക്കഥയെ വെല്ലുന്നവിധത്തിലുള്ള യുവതിയുടെ മരണത്തോടെ പ്രമാദമായ പിണറായി കൂട്ടക്കൊലക്കേസിന്റെ തുടര്‍നടപടികള്‍ക്കും അന്ത്യം സംഭവിക്കുകയാണ്.
Previous Post Next Post
3/TECH/col-right