Trending

മടങ്ങാം വീടുകളിലേക്ക് ആശങ്കയില്ലാതെ

കോഴിക്കോട്: കാലവര്‍ഷക്കെടുതിക്ക് ശേഷം വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് വീടുകള്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നതിനൊപ്പം വീടുകളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റ പണികള്‍ക്ക് ആവശ്യമായ സഹായങ്ങളും ജില്ലാ ഭരണകൂടം നല്‍കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈനിലേക്ക് വിളിച്ചാല്‍ മതി. വീട് വൃത്തിയാക്കല്‍, ഇലക്‌ട്രിക്കല്‍ അറ്റകുറ്റപണികള്‍ തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ക്ക് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ വീട്ടിലെത്തും. വെള്ളം കയറി തകരാറിലായ ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നന്നാക്കുന്നതിനും ജില്ലാ ഭരണകൂടം അവസരമൊരുക്കിയിട്ടുണ്ട്.ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നന്നാക്കുന്നതിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കേന്ദ്രമായി എന്‍.ഐ.ടിയുടെ സഹകരണത്തോടെയാണ് താല്‍ക്കാലിക വര്‍ക്‌ഷോപ്പ് ആരംഭിക്കുന്നത്.

പി.ഡബ്ലു.ഡി ഇലക്‌ടോണിക്‌സ് വിഭാഗം വര്‍ക്ക് ഷോപ്പിന് നേതൃത്വം നല്‍കും. റഫ്രിജറേറ്റര്‍, ടെലിവിഷന്‍, ടോര്‍ച്ച്‌ തുടങ്ങിയ തകരാറിലായ ഉപകരണങ്ങള്‍ ഇവിടെ എത്തിച്ചാല്‍ നന്നാക്കിയെടുക്കാം. ഞായറാഴ്ച വരെ താല്‍ക്കാലിക വര്‍ക്‌ഷോപ്പില്‍ സേവനങ്ങള്‍ ലഭ്യമാകും.
വീടുകളുടെ ഇലക്‌ട്രിക്കല്‍ തകരാറുകള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഇലക്‌ട്രിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈ രംഗത്തുള്ള ജില്ലയിലെ സംഘടനകളുടെ സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വാഹനത്തില്‍ വീടുകളിലെത്തി തകരാറുകള്‍ പരിഹരിക്കും.

ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സജീവമായി തുടരുകയാണ്. ഏത് നിമിഷവും എതാവശ്യങ്ങള്‍ക്കും സമീപിക്കാമെന്നും ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു.ശുചീകരണം, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് അറ്റകുറ്റ പണികള്‍, കുടിവെള്ളം വിതരണം എന്നിവ ആവശ്യമുള്ളവര്‍ക്ക് കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഇത്തരം കാര്യങ്ങളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കും കോള്‍സെന്റര്‍ നമ്ബറുകളില്‍ വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യാം.

കോള്‍ സെന്റര്‍ ഫോണ്‍ നമ്പറുകൾ:
0495 237 8810, 237 8820, 237 8860, 237 8870. ഇലക്‌ട്രോണിക്‌സ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് 9446782552 എന്ന നമ്പറിലും ബന്ധപ്പെടാം.
Previous Post Next Post
3/TECH/col-right