Trending

കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകളുടെ എണ്ണം18 എണ്ണമായി കുറഞ്ഞു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകളുടെ എണ്ണം 13 വില്ലേജുകളിലായി 18 എണ്ണമായി കുറഞ്ഞു.156 കുടുംബങ്ങളിലെ 542 പേരാണ് ക്യാമ്ബുകളിലുള്ളത്. കോഴിക്കോട് താലൂക്കില്‍ 7 ക്യാമ്ബുകളില്‍ 60 കുടുംബങ്ങളിലെ 209 പേരും കൊയിലാണ്ടി താലൂക്കില്‍ ഒരു ക്യാമ്ബില്‍ 3 കുടുംബങ്ങളിലെ 9 പേരും വടകര താലൂക്കില്‍ 2 ക്യാമ്ബുകളില്‍ 23 കുടുംബങ്ങളിലെ 95 പേരും താമരശ്ശേരി താലൂക്കില്‍ 8 ക്യാമ്ബുകളില്‍ 70 കുടുംബങ്ങളിലെ 229 പേരുമാണുള്ളത്.


ശുചീകരണ ക്യാമ്ബയിന്‍ നാളെ


കോര്‍പറേഷന്‍ പരിധിയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ നാളെ (വ്യാഴം) ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുള്‍പ്പെട്ട ആയ്യായിരത്തിലധികം പേര്‍ രംഗത്തിറങ്ങി മെഗാ ക്യാമ്ബയിനായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
രേഖകളുടെ കാര്യത്തില്‍ ആശങ്ക വേണ്ട
കാലവര്‍ഷക്കെടുതിയില്‍ റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങി രേഖകള്‍ നഷ്ടമായവര്‍ക്ക് അവ വീണ്ടും ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. രേഖകള്‍ നഷ്ടമായ മനോവിഷമത്തില്‍ ഒരാള്‍ മരിച്ച സംഭവം ഉണ്ടായിരുന്നു.
അവശ്യരേഖകള്‍ നല്‍കുന്നതിനായി റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ വകുപ്പുകളും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. ഡിസ്ട്രിക് ലീഗല്‍ സര്‍വീസ് അതോറിറിറ്റി കെ.എന്‍ ജയരാജ്, ജില്ലാ ലോ ഓഫീസര്‍ സന്തോഷ് എന്നിവര്‍ക്കാണ് മേല്‍നോട്ട ചുമതല.

രേഖകള്‍ ലഭ്യമാക്കാന്‍ അദാലത്ത്


വിവിധ രേഖകള്‍ നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് പകരം രേഖകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക അദാലത്ത് നടത്തും. അദാലത്തിന് മുന്നോടിയായി താലൂക്ക് കേന്ദ്രങ്ങളില്‍ അപേക്ഷ സ്വീകരിക്കുന്നതിന് ഈ മാസം 29 ന് വടകര ടൗണ്‍ഹാള്‍, 30 ന് കൊയിലാണ്ടി ടൗണ്‍ഹാള്‍, 31 ന് താമരശ്ശേരി ടൗണ്‍ഹാള്‍, സെപ്തംബര്‍ ഒന്നിന് കോഴിക്കോട് ടൗണ്‍ഹാള്‍ എന്നീ തീയതികളില്‍ രാവിലെ 10 മണിക്ക് നടത്തും. അപേക്ഷ ഫോം താലൂക്ക് കേന്ദ്രങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യും. പകരം രേഖകള്‍ നല്‍കാന്‍ സഹായകരമായ ലഭ്യമായ പകര്‍പ്പുകളും മറ്റ് അപേക്ഷകര്‍ ഹാജരാക്കുന്നത് സഹായകരമായിരിക്കും. ജില്ലാ നിയമ ഓഫീസര്‍ :9447642140.
സൗജന്യ ചികില്‍സ ഉറപ്പ്
കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നല്‍കുന്ന ചികിത്സ, മറ്റ് സഹായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച്‌ പ്രിന്‍സിപ്പലിന്റെ അദ്ധ്യക്ഷതയില്‍ അവലോകനം നടത്തി. ദുരന്ത സ്ഥലങ്ങളില്‍ നിന്നും ക്യാമ്ബുകളില്‍ നിന്നും മറ്റും എത്തുന്ന രോഗികള്‍ക്ക് മികച്ച ചികിത്സ സജ്ജമാക്കും. ദുരിത ബാധിതര്‍ക്ക് രേഖകളില്ലെങ്കിലും പൂര്‍ണ്ണമായും സൗജന്യ ചികില്‍സ ഉറപ്പ് വരുത്തും.

പ്രതിരോധ പ്രവര്‍ത്തനം


പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീയുടെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ടുമാര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഹെല്‍ത്ത് സൂപര്‍വൈസര്‍മാര്‍, ജില്ലാതല കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്ത രണ്ട് മാസം ആരോഗ്യ പരിപാലനത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ പറഞ്ഞു. ദുരന്തബാധിത പ്രദേശങ്ങളില്‍ ഫീല്‍ഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. മെഡിക്കല്‍ ക്യാമ്ബുകള്‍ നടത്താനും ഗൃഹ സന്ദര്‍ശനം നടത്തി കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ചെയ്യാനും തീരുമാനിച്ചു.
ബീച്ച്‌ ആശുപത്രി, വടകര താലൂക്ക് ആശുപത്രി, കെ.എം.എസ്.സി.എല്‍ എന്നീ കളക്ഷന്‍ പോയ്ന്റില്‍ ശേഖരിക്കുന്ന മരുന്നുകള്‍ താലൂക്ക് ആശുപത്രി വഴി വിതരണം ചെയ്യും. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പാമ്ബുകടിയേറ്റാല്‍ സ്വീകരിക്കേണ്ട പ്രാഥമിക ശുശ്രൂഷകളെക്കുറിച്ച്‌ ഡോ.വേണുഗോപാല്‍ ക്ലാസെടുത്തു. ആന്റി സ്‌നേക് വെന്വം 50 ഡോസ് വീതം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ആരോഗ്യകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.എ നവീന്‍, അഡി.ഡി.എം.ഒ എസ്.എന്‍ രവികുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ശ്രീകുമാര്‍ മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right