Trending

ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി യോഗം ചേര്‍ന്നു

കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കാരാട്ട് റസാക്ക് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ താമരശേരി താലൂക്ക് ഓഫീസില്‍ ചേര്‍ന്നു.ഉപയോഗ്യ ശൂന്യമായ കിണറുകള്‍ വൃത്തിയാക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കാന്‍ യോഗം തീരുമാനിച്ചു. വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയതായും പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടി സ്വീകരിച്ചു വരുന്നതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീട് പൂര്‍ണമായും ഭാഗികമായും തകര്‍ന്നവര്‍ക്കുള്ള ധനസഹായം എത്രയും പെട്ടെന്ന് ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കും.



മണ്ഡലത്തിലെ സ്‌കൂളുകളുടെ ഫിറ്റ്‌നസ് സംബന്ധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.നെല്ലാങ്കണ്ടി, പാലക്കുറ്റി, വെണ്ണക്കാട് എന്നിവിടങ്ങളില്‍ ദേശീയപാതയിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ റോഡ് ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ അടിയന്തിരമായി എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് ദേശീയപാത ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. കൃഷി നാശം സംന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് തയ്യാറായി വരുന്നതായി കൃഷി വകുപ്പു ഉദ്യോഗസ്ഥര്‍ അറിയിച്ചു.


യോഗത്തില്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി, കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍, മടവൂര്‍ പഞ്ചായത്തു പ്രസിഡന്റ് ഹമീദ് , കിഴക്കോത്തു പഞ്ചായത്തു പഞ്ചായത്തു പ്രസിഡന്റ് ഹുസൈന്‍ , താമരശ്ശേരി പഞ്ചായത്തു പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, നരിക്കുനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജബ്ബാര്‍, കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിതീഷ് കല്ലുള്ളതോട്, തഹസില്‍ദാര്‍ (ഭൂരേഖ) ഗീത മണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ഷിബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഫോറസ്റ്റ് ഓഫീസറെ വിളിക്കാം
ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്ന് വീടുകളിലെത്തുന്നവര്‍ക്ക് ഇഴജന്തുക്കളുടെയോ വന്യമൃഗങ്ങളുടെയോ ശല്യമുണ്ടായാല്‍ കോഴിക്കോട് ഫോറസ്റ്റ് ഓഫീസറെ ബന്ധപ്പെടാം. ഫോണ്‍: 94447979008.
Previous Post Next Post
3/TECH/col-right