Trending

റെഡ് അലര്‍ട്ട്:അതീവ ജാഗ്രതാ നിര്‍ദേശം

കണ്ണൂർ:കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ കുടിവെളള വിതരണം തടസ്സപ്പെട്ടു. പഴശിഡാമിലെ പമ്പ് ഹൗസിലും ചാവശേരി പറമ്പിലെ ശുചീകരണ പ്ലാന്റിലും ചെളിവെളളം കയറിയതോടെയാണ് ജലവിതരണം മുടങ്ങിയത്. ഇരിട്ടിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ജില്ലയില്‍ മഴക്ക് നേരിയ ശമനമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഉരുള്‍പൊട്ടലുണ്ടായ മലപ്പുറത്തെ നിലമ്പൂര്‍ ചെട്ടിയംപാടത്ത് ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങളെടുക്കും. ചാലിയാര്‍ പഞ്ചായത്തിലെ പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചേക്കും. മലപ്പുറം ജില്ലയില്‍ 43 കോടിയുടെ നാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.

സംസ്ഥാനത്ത് നാലുദിവസം കൂടി കനത്ത മഴ തുടരും. ഈമാസം 14 വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ഇടുക്കി ജില്ലകളിലെ റെഡ് അലര്‍ട്ട് നീട്ടിയിയിട്ടുണ്ട്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ദുരിതബാധിത പ്രദേശങ്ങള്‍ നാളെ മുഖ്യമന്ത്രി സന്ദര്‍ശിക്കും.

പെരിയാറിലെ ജലനിരപ്പ് ക്രമാധീതമയി ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് കനത്ത ജാഗ്രതയിലാണ് എറണാകുളം ജില്ലാ ഭരണ കൂടം. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്, എറണാകുളത്തെ അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ 68 ദുരിതാശ്വാസ ക്യാമ്പുകളിലായി 9476 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ആലുവ മണപ്പുറവും ശിവ ക്ഷേത്രവും വെള്ളത്തില്‍ മുങ്ങിയതിനാല്‍ ബലിയിടാന്‍ എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു രാത്രിയോടെ ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം ആലുവയില്‍ എത്തും. ഇതോടെ പെരിയാര്‍ പൂര്‍ണ്ണമായും കരകവിയും.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് നീട്ടി. വയനാട്ടില്‍ ചൊവ്വാഴ്ച വരെയും ഇടുക്കിയില്‍ തിങ്കളാഴ്ച വരേയും അതിജാഗ്രത തുടരും. ഇവയ്ക്ക് പുറമേ ആലപ്പുഴ, കോട്ടയം, മലപ്പുറം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right