Trending

വയനാട് കേഴുന്നു:ലോകത്തിന്റെ സഹായത്തിനായി.

"മാധ്യമ പ്രവർത്തകനായ
സി.വി.ഷിബു എഴുതുന്നു വയനാടിന്റെ അവസ്ഥ".

കഴിഞ്ഞ 20 വർഷത്തെ എന്റെ മാധ്യമ പ്രവർത്തന ചരിത്രത്തിൽ ഇത്രയധികം ദുരിതം ഞാൻ കണ്ടിട്ടില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിടുകയാണ് പിന്നോക്കജില്ലയായ വയനാട്. ആദിവാസികളും കര്‍ഷകരും അതിവസിക്കുന്ന വയനാട് ജില്ല ഇതിനുമുമ്പ് പലവര്‍ഷങ്ങളിലും അതിവര്‍ഷത്തെ തുടര്‍ന്നുള്ള പ്രളയത്തെയും ഉരുള്‍പൊട്ടലിനെയും മറ്റ് ദുരന്തങ്ങളേയും നേരിട്ടിട്ടുണ്ടെങ്കിലും മുമ്പെങ്ങുമില്ലാത്ത വിധമുള്ള ദുരന്തമുഖമാണ് ഇന്ന് വയനാടിന്റേത്. ഇതിനോടകം ഒന്‍പത് ജീവനുകളാണ് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി രണ്ട് മാസംകൊണ്ട് അപഹരിക്കപ്പെട്ടത്.


കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ബാണാസുര സാഗര്‍ അണക്കെട്ടും കാരാപ്പുഴ ഡാമും കമ്മീഷന്‍ ചെയ്തതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. സര്‍വ്വകാല റെക്കോര്‍ഡായി ഈ മഴക്കാലത്ത് 2670.56 മില്ലി മീറ്റര്‍ മഴയാണ് വയനാട്ടില്‍ ലഭിച്ചത്. കനത്ത മഴയേയും പ്രകൃതി ദുരന്തത്തേയും തുടര്‍ന്ന് നിരവധി ഗ്രാമങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മനുഷ്യസാധ്യമായ വിധത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും അവയെല്ലാം പരിമിതമായി ചുരുങ്ങുകയാണ്. സൈന്യത്തിനുപോലും എത്തിപ്പെടാന്‍ കഴിയാതെയായിരുന്നു രണ്ടുദിവസം വയനാട്. ദേശീയ ദുരന്തനിവാരണ സേന, കണ്ണൂരില്‍ നിന്നുള്ള ആര്‍മി സംഘം, ഏഴിമല നേവല്‍ അക്കാദമിയില്‍ നിന്നുള്ള നാവികസേന എന്നിവരുടെ നേതൃത്വത്തിലുള്ള 150 സൈനികരാണ് വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഹെലികോപ്റ്ററിനുപോലും ലാന്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിച്ചാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് വയനാട്ടില്‍ എത്തിയത്. താല്‍ക്കാലിക രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാത്രമേ സൈന്യത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. ഭൂരഹിതരും ഭവനരഹിതരുമായ ആദിവാസി ഗോത്രജനത ഉള്‍പ്പെടെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും പട്ടിണിയിലും വറുതിയിലുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 20 വീടുകള്‍ പൂര്‍ണമായും 536 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 600ഓളം ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചു.

മൂവായിരത്തോളം കുടുംബങ്ങളിലെ 12000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമില്ല, വസ്ത്രമില്ല, മറ്റ് പ്രാഥമിക സൗകര്യങ്ങളില്ല. സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും നെട്ടോട്ടമോടിയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അത്യാവശ്യ സഹായങ്ങള്‍ എത്തിക്കുന്നത്. ലോകത്തിന്റെ സഹായം വയനാടിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഇത്.പ്രധാന നദിയായ കബനി നദി കരകവിഞ്ഞൊഴുകുകയാണ്. ചുരങ്ങളില്‍ മണ്ണിടിച്ചില്‍ രൂക്ഷമായതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പോലും യാത്ര ദുസ്സഹമാണ്. കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടറുകള്‍ ആവശ്യത്തിന് ഉയര്‍ത്താതിനാല്‍ ഇനിയും പ്രളയം കൂടാനാണ് സാധ്യത. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായതിനെതുടര്‍ന്ന് വയനാട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി സ്ഥലങ്ങളില്‍ ഒഴുക്കില്‍പെട്ടവരേയും മണ്ണിനടിയില്‍ പെട്ടവരേയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത് വലിയൊരാശ്വാസമായി. പല ടൗണുകളിലും വെള്ളം കയറിയതിനാല്‍ വ്യാപാര സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.വടക്കേ വയനാട് പൂര്‍ണമായും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട നിലയിലാണ്. ബാണാസുര സാഗര്‍ ഡാമിന് താഴ്ഭാഗത്തെ കോട്ടത്തറ പഞ്ചായത്ത് പൂര്‍ണമായും ഒറ്റപ്പെട്ടു. പനമരം പ്രദേശത്ത് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചത്. ചെങ്കുത്തായ മലകളും വയലും നിറഞ്ഞ പ്രദേശമാണ് വയനാട്.


പരിസ്ഥിതി ലോല പ്രദേശമാണ് ഭൂരിഭാഗം പ്രദേശങ്ങളും. അതുകൊണ്ടുതന്നെ പ്രകൃതി ദുരന്തങ്ങളും അതിവേഗതയില്‍ വയനാടിനെ ബാധിക്കും.കട്ടികുറഞ്ഞ മണ്ണായതിനാല്‍ മലയിടിച്ചിലും മണ്ണൊലിപ്പും സര്‍വ്വസാധാരണമാണ്. കൂടാതെ പത്തിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് ഇവിടെനിന്നുള്ള മലവെള്ള പാച്ചിലും കാരാപ്പുഴ, ബാണാസുര സാഗര്‍ അണക്കെട്ടുകളില്‍ നിന്നുമുള്ള വെള്ളം തുറന്നുവിട്ടതുകൂടിയായപ്പോള്‍ വയലുകളെല്ലാം വെള്ളത്തിനടിയിലായി. വയല്‍ക്കരകളില്‍ താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് കൂടുതല്‍ ദുരിതത്തിന് ഇരയായിട്ടുള്ളത്. കനത്ത മഴ പെയ്യുന്നതിനാല്‍ അതിശൈത്യവും ജനങ്ങളെ ബാധിച്ചിട്ടുണ്ട്. വസ്ത്രം, കമ്പിളി, പുതപ്പ്, ഭക്ഷണം, മരുന്ന്, വൈദ്യസഹായം, വീട്ടുപകരണങ്ങള്‍ തുടങ്ങി സര്‍വ്വതും ജനങ്ങള്‍ക്ക് ആവശ്യമായി വന്നിരിക്കുകയാണ്. യുദ്ധത്തിന് സമാനമായ അന്തരീക്ഷവും അഭയാര്‍ത്ഥി ക്യാമ്പിലേതിന് സമാനമായ ദുരിതവുമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്.

സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന നിര്‍ദ്ധന വിഭാഗക്കാരാണ് ഭൂരിഭാഗവും എന്നതിനാല്‍ ദുരിതം ഇരട്ടിയാക്കുന്നു. കാര്‍ഷിക വിലത്തകര്‍ച്ചയും വിളനാശവും കടക്കെണിയും മൂലം ദുരിതത്തിലായ ഒരു വിഭാഗത്തിനെ കാലവര്‍ഷക്കെടുതി ഇടിത്തീയായാണ് അനുഭവപ്പെട്ടത്. സര്‍ക്കാര്‍ സഹായംകൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല വയനാടിന്റെ ഇപ്പോഴത്തെ അവസ്ഥ. കൂട്ടായ പരിശ്രമവും സേവന സന്നദ്ധതയും സഹായഹസ്തവുമുണ്ടെങ്കില്‍ മാത്രമേ വയനാട് സാധാരണ നിലയിലേക്കാവൂ. പലയിടത്തും വൈദ്യുതി, ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്. അടിയന്തിര സഹായത്തിന് ജില്ലാഭരണ കൂടംജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സഹായം നല്‍കുന്നവര്‍  മറ്റ് തട്ടിപ്പുകളും മുതലെടുപ്പും ഒഴിവാക്കാൻ ജില്ലാഭരണകൂടം മുഖേന ടോള്‍ഫ്രീ നമ്പറില്‍ (1077) സഹായങ്ങള്‍ നല്‍കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. നമ്പറുകള്‍ 04936 204151, 9745166864, 9746239313.
Previous Post Next Post
3/TECH/col-right